ആത്മഹത്യാ സന്ദേശം വാട്ട്സാപ്പിൽ പോസ്റ്റ് ചെയ്ത ശേഷം ഡോക്ടർ ജീവനൊടുക്കി

മഞ്ചേരി:മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോക്‌ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി നടക്കാവിൽ ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കൽപകഞ്ചേരി മാമ്ബ്ര ചെങ്ങണക്കാട്ടിൽ കുഞ്ഞിപ്പോക്കരുടെ മകളുമായ ഡോ. ഫർസീനയെ (35) യാണ് താമസിക്കുന്ന ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്കു ശേഷം ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ഡോക്‌ടർ ആത്മഹത്യാ സന്ദേശം വാട്ട്സാപ്പിൽ പോസ്റ്റ് ചെയ്തു. ഉടൻ വാട്ട്സാപ്പ് ഗ്രൂപ്പിലുള്ളവർ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലിനെയും എച്ച് ഒ ഡിയെയും വിവരം അറിയിച്ചു. തുടർന്ന് എച്ച് ഒ ഡിയുടെ നിർദേശപ്രകാരം വകുപ്പിലെ ഓർത്തോഡിസ്റ്റ് മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്‌ടറുടെ താമസസ്ഥലത്തെത്തി അവർക്കൊപ്പം മെഡിക്കൽ കോളജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. വരാമെന്ന് പറഞ്ഞ് ഡോക്ടർ വാതിൽ അകത്ത് നിന്ന് പൂട്ടി ഫാനിന്റെ ഹുക്കിൽ തുണിയിൽ തൂങ്ങുകയായിരുന്നു.
മഞ്ചേരി പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്ന് ഉടൻ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോ. ഫർസീന വിഷം കഴിച്ചതായും സൂചനയുണ്ട്. രണ്ട് മാസം മുമ്ബാണ് ഡോ. ഫർസീന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മഞ്ചേരിയിലെത്തിയത്. രണ്ട് കുട്ടികളുണ്ട്.





