ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റും

ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്കാണ് മാറ്റുക.വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയിൽ ഹാജരാക്കും. തുടർന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. ജയിൽ ചാടിയശേഷം കേരളം വിടാൻ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയിൽ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു.ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.
സെല്ലിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.തുടർന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെൻസിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലർച്ചെ അഞ്ചുമണിയോടെയാണ് ജയിൽ അധികൃതർ മതിലിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയിൽചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂർ പൊലീസിന് വിവരം കൈമാറിയതും.





