Kannur
HomeNews

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ വെള്ളം കയറി; സർവീസുകൾ നിർത്തി

28 Jul 20251 മിനിറ്റ് വായന
പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ വെള്ളം കയറി; സർവീസുകൾ നിർത്തി

 


വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പറശ്ശിനിക്കടവ് പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇതോടെ പറശ്ശിനിക്കടവ് ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങി. സമീപത്തെ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് കൂടിയും പുഴ കരകവിഞ്ഞൊഴുകുകയാണ്.

ജെട്ടിയിൽ വെള്ളം കയറി നീരൊഴുക്ക് അതിശക്തമായതോടെ പറശ്ശിനിക്കടവിൽനിന്ന്‌ സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം സർവീസ് നിർത്തി. ഞായറാഴ്ചയായതിനാൽ നിരവധി തീർഥാടകർ ബോട്ട് സവാരിക്കായി ജെട്ടിയിലെത്തിയെങ്കിലും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മടങ്ങി. ജെട്ടിയിൽ വെള്ളം കയറുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ ജലഗതാഗതവകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് നിർത്തി. സ്വകാര്യ മേഖലയിലെ വിനോദസഞ്ചാരബോട്ടുകളും ഹൗസ് ബോട്ടുകളും (പുരവഞ്ചി) ഓട്ടം നിർത്തി.

പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്ററന്റും പ്രവർത്തിച്ചില്ല. ജലനിരപ്പ് താഴ്ന്നാൽ മാത്രമേ സർവീസ് പുനരാരംഭിക്കൂ. മുല്ലക്കൊടി ബോട്ടുകടവിലും വെള്ളം കയറിയിട്ടുണ്ട്.

ജലനിരപ്പ് താഴുന്ന മുറയ്ക്ക് മാത്രമേ ഇനി ബോട്ട് സർവീസ് പുനരാരംഭിക്കുകയുള്ളൂ. എന്നാൽ, മാട്ടൂൽ-അഴീക്കൽ ഫെറി ബോട്ട് സർവീസ് മുടക്കമില്ലാതെ തുടരുന്നതായി സംസ്ഥാന ജലഗതാഗതവകുപ്പിന്റെ പറശ്ശിനിക്കടവ് ഓഫീസ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക