Kannur
HomeNews

ശ്രീകണ്ഠപുരത്ത് അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചുവിട്ടു, പരപ്പയിൽ അധ്യാപികയെ പൂട്ടിയിട്ടു: സ്കൂളുകളിലും സംഘർഷം

9 Jul 20251 മിനിറ്റ് വായന
ശ്രീകണ്ഠപുരത്ത് അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചുവിട്ടു, പരപ്പയിൽ അധ്യാപികയെ പൂട്ടിയിട്ടു: സ്കൂളുകളിലും സംഘർഷം

 


കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക്  പുരോഗമിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്.കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്എസ്എസിൽ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘർഷം. ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു.

കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ യൂണിയനുകളിൽപ്പെട്ട 15 അധ്യാപകരാണ് ഹാജരായത്. പുറത്തു നിന്നെത്തിയ സമരാനുകൂലികൾ സ്കൂളിൽ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാറുൾപ്പെടെ 7 വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അധ്യാപകർ സ്കൂളിൽ തന്നെ തുടരുകയാണ്. കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് നടക്കുന്നില്ല.വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. രാവിലെ പത്തു മണിയോടെ സംഘടിച്ചെത്തിയ ഇടതു നേതാക്കളാണ് അധ്യാപിക സിജിയെ ഓഫിസിൽ പൂട്ടിയിട്ടത്. പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികൾ വാക്കേറ്റം നടത്തി. പൊലീസ് എത്തിയാണ് വാതിൽ തുറന്നത്. പൊലീസിൽ പരാതി നൽകുമെന്ന് അധ്യാപിക പറഞ്ഞു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക