തളിപ്പറമ്പ് നഗരസഭയില്‍ അടുത്തമാസം മുതല്‍ വളര്‍ത്തുനായക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

തളിപ്പറമ്പ്: അടുത്തമാസം മുതല്‍ തളിപ്പറമ്പ് നഗരസഭയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും, ലൈസന്‍സ് ഫീസ് 500 രൂപയായി ഉയര്‍ത്തും.
തെരുവ്‌നായ ശല്യം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ എടുത്തു എന്ന് ഉറപ്പിക്കുന്നതിനാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം കണ്ടെത്തുന്നതിനായി സെന്‍സസ് നടത്താനും നിര്‍ദ്ദേശമുണ്ട്.
2019 ലെ കണക്ക് പ്രകാരം നഗരസഭയില്‍ 450 തെരുവ് നായ്ക്കളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഈ സംഖ്യ അനൗദ്യോഗികമായി 1500 കവിയുമെന്ന് വെറ്റിനറിസര്‍ജന്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.
പ്രധാന സ്ഥലങ്ങള്‍ മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്തുക, എല്ലാ വാര്‍ഡുകളിലും തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന് പ്രത്യേക ക്യാമ്പ് എര്‍പ്പെടുത്തുക, എ.ബി.സി പദ്ധതി കാര്യക്ഷമമാക്കുക, നഗരപരിധിയില്‍ തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ സ്ഥാപിക്കുക, എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലിന് മുമ്പാകെ അവതരിപ്പിക്കപ്പെട്ടു.
നഗരത്തിലെ ഓടകള്‍ തുറന്ന് സ്ഥാപനങ്ങളുടെ മലിനജല പൈപ്പുകള്‍ ഉണ്ടേയെന്ന് പരിശോധിക്കാന്‍ നടപടികള്‍ തുടങ്ങിയതായി സെക്രട്ടെറി കൗണ്‍സില്‍ മുമ്പാകെ അറിയിച്ചു.
വര്‍ദ്ധിപ്പിച്ച നികുതി കുറച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അധികം വാങ്ങിയ തുക തിരിച്ചുനല്‍കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.





