ഹൈടെക് സൗകര്യങ്ങളുമായി ചെറുതാഴം കൃഷിഭവൻ

കണ്ണൂർ: സസ്യങ്ങള്‍ക്ക് രോഗം വന്നാല്‍ അവയുടെ കാരണങ്ങളും പരിഹാരവും വിശദമായി അറിയണ മെങ്കില്‍ ചെറുതാഴം പഞ്ചായത്ത് കൃഷിഭവൻ വരെ വന്നാല്‍ മതി. ഇവിടെയുള്ള സസ്യക്ലിനിക്കില്‍ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രോഗകാരികള്‍, ലക്ഷണങ്ങള്‍, രോഗനിയന്ത്രണം തുടങ്ങി കർഷകർക്ക് ആവശ്യമുള്ള എല്ലാ അറിവുകളും ക്ലിനിക്കില്‍ ലഭിക്കും. കൂടാതെ കീടനാശിനികള്‍, അവയുടെ പ്രയോഗരീതി, കീടനിയന്ത്രണം തുടങ്ങിയ കൃഷി സംബന്ധമായ അറിവുകള്‍ സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം സേവനവും ലഭിക്കും.
സസ്യ ക്ലിനിക്കില്‍ എല്ലാവിധ സസ്യരോഗങ്ങളുമായി ബന്ധപ്പെട്ട സ്‌പെസിമനുകള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് ഇവ നേരിട്ടുകണ്ട് സസ്യങ്ങള്‍ക്കുണ്ടാകുന്ന കീടബാധ, രോഗങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവ മനസിലാക്കാൻ കഴിയും. ഇവയുടെ വീഡിയോ, ചിത്രങ്ങള്‍ എന്നിവയും ഇവിടെ സജ്ജമാക്കിയ പ്രദർശന ബോർഡില്‍ കാണാനാകും.
വിവിധ കീടനാശിനികള്‍, കുമിള്‍ നാശിനികള്‍ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്‍റെ 25 ലക്ഷം രൂപയും പഞ്ചായത്തിന്‍റെ 6.7 ലക്ഷം രൂപയും ചെലവഴിച്ചാണ് കൃഷിഭവന്‍റെ ഹൈടെക് വത്കരണം സാധ്യമായത്.





