കരുവഞ്ചാലില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

കരുവഞ്ചാല്‍ ഹണി ഹൗസിന് സമീപം പൂട്ടിയിട്ട വീടിന്‍റെ പരിസരത്തു നിന്ന് അസ്ഥികള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.കണ്ണൂർ റൂറല്‍ കെ 9 ഡോഗ് സ്കോഡിലെ ലോലയും കണ്ണൂർ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രവാസിയായ കുളത്തിനാല്‍ ബിജുവിന്‍റെ പൂട്ടിയിട്ട വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം തലയോട്ടി ഉള്‍പ്പെടെയുള്ള മനുഷ്യ ശരീരഭാഗങ്ങളുടെ അസ്ഥികള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലക്കോട് പോലീസ് സംഭവ സ്ഥലത്ത് കാവല്‍ ഏർപ്പെടുത്തുകയും ഞായർ രാവിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയുമായിരുന്നു.
ഇന്നലെ നടത്തിയ തെരച്ചിലില്‍ സ്ഥലത്തുനിന്നും നട്ടെല്ല്, വാരിയെല്ലുകള്‍, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികള്‍ എന്നിവ കണ്ടെത്തി. കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷർട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷർട്ടിന്‍റെ കീശയില്‍ നിന്ന് പച്ച നിറത്തിലുള്ള ചെറിയ നീളൻ ചീർപ്പ്, ചുണ്ണാമ്ബിന്‍റെ ചെറിയ കുപ്പി, മടക്കിവച്ച രീതിയില്‍ നോട്ടുകള്‍, പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെത്തി. ആലക്കോട് എസ്‌എച്ച്‌ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ ശേഖരിച്ച അസ്ഥികള്‍ പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ സർക്കാർ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.





