Kannur
HomeNews

കണ്ണൂർ ബസ് സ്റ്റാന്‍ഡിൽ തെരുവുനായയുടെ വിളയാട്ടം; ഒറ്റ ദിവസം കടിയേറ്റത് 51 പേര്‍ക്ക്

17 Jun 20251 മിനിറ്റ് വായന
കണ്ണൂർ ബസ് സ്റ്റാന്‍ഡിൽ തെരുവുനായയുടെ വിളയാട്ടം; ഒറ്റ ദിവസം കടിയേറ്റത് 51 പേര്‍ക്ക്


കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ 51 പേർക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്. 

നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചു. രാവിലെ 11 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർ തിങ്ങിനിറഞ്ഞു. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം

 നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാവിലെത്തെ ആക്രമണത്തിന് പിന്നാലെ വൈകിട്ടും  സ്റ്റേറ്റ് ബാങ്ക് പരിസരത്തുവെച്ചും തെരുവുനായ ആക്രമണം ഉണ്ടായി. ഇതിൽ മൂന്നുപേര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ഉള്‍പ്പെടെയാണ് ഒറ്റ ദിവസം 51 പേര്‍ക്ക് കടിയേറ്റത്.  നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക