Kannur
HomeNews

തലശ്ശേരി സ്വദേശിയുടെ 12 ലക്ഷം തട്ടിയ കേസ്: മൂന്നുപേരെ സൈബർ പോലീസ് അറസ്റ്റുചെയ്തു

13 Jun 20251 മിനിറ്റ് വായന
തലശ്ശേരി സ്വദേശിയുടെ 12 ലക്ഷം തട്ടിയ കേസ്: മൂന്നുപേരെ സൈബർ പോലീസ് അറസ്റ്റുചെയ്തു

 



കണ്ണൂർ : ഓൺലൈൻ തട്ടിപ്പിൽ തലശ്ശേരിയിലെ യുവതിയുടെ 12,06,000 രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പാലക്കാട് സ്വദേശികളെ സൈബർ പോലീസ് അറസ്റ്റുചെയ്കു.പാലക്കാട്ടെ വീട്ടുപറമ്പിൽ മുഹമ്മദ് റിഷാദ് (36), തൃത്താല സ്വദേശി കളരിക്കൽ ഹൗസിൽ പ്രേംകുമാർ (52), പട്ടാന്പി നെല്ലിക്കാട്ടിൽ കൊണ്ടയൂർപാടി ഹൗസിൽ കെ.പി. ദിലീപ് (36) എന്നിവരെയാണ് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സൈബർ പോലീസ് സംഘം അറസ്റ്റുചെയ്തത്.

ഫെയ്സ്ബുക്ക് വഴിയാണ് യുവതിയെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.ആദ്യഘട്ടത്തിൽ ലാഭ വിഹിതം നൽ‌കിയെങ്കിലും പിന്നീട് കൂടുതൽ ലാഭം ലഭിക്കാൻ കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പല തവണകളായി അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടപ്പോൾ ഫോൺ സ്വച്ച് ഓഫാക്കി തട്ടിപ്പ് സംഘം രക്ഷപ്പെടുകയായിരുന്നു.ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

 തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സബ് ഇൻസ്പെക്ടർ ടി.പി. പ്രജീഷ്, എഎസ്ഐ ജോതി, സിപിഒമാരായ സുനിൽ, ഷിനോജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക