Kannur
HomeNews

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകളിൽ പകുതിയും പ്രവർത്തനരഹിതം

26 Jun 20251 മിനിറ്റ് വായന
കണ്ണൂർ ഗവ. മെഡിക്കൽ കോളജ്  ആശുപത്രിയിൽ ലിഫ്റ്റുകളിൽ പകുതിയും പ്രവർത്തനരഹിതം

 



കണ്ണൂർ ഗവ. മെഡിക്കൽ കോളജ്  ആശുപത്രിയിൽ ലിഫ്റ്റുകളിൽ പകുതിയും പ്രവർത്തനരഹിതം. ഭൂരിപക്ഷം ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും പ്രയാസമാകുന്നു. പുതുതായി സ്ഥാപിച്ച 4 ലിഫ്റ്റുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല.  രോഗികളും ആശുപത്രിയിൽ വിവിധ ആവശ്യത്തിനെത്തുന്നവരും ആശ്രയിക്കുന്ന പല  ലിഫ്റ്റും നവീകരണ പ്രവൃത്തിയുടെ ഭാഗമായി 3 വർഷമായി പ്രവർത്തനരഹിതമാണ്. പഴയത് മാറ്റി പുതിയതായി  സ്ഥാപിച്ച  ലിഫ്റ്റ് പ്രവർത്തനരഹിതമായതോടെ ദുരിതം ഇരട്ടിയായി.  പ്രായമുള്ളവരും അവശതയുള്ളവരും പടികൾ കയറി വേണം 8 നിലയുള്ള ആശുപത്രിക്കെട്ടിടത്തിൽ എത്താനും തിരിച്ചു വരാനും.    

കാലപ്പഴക്കത്താൽ  പണി മുടക്കുന്ന ലിഫ്റ്റുകൾ മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂർത്തീകരിച്ചില്ല. മുഴുവൻ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ  പരിശോധനകൾക്കായി നിലകൾ കയറിയിറങ്ങി വലയണം.  ഡോക്ടർമാർ, രോഗികൾ, കൂട്ടിരിപ്പുകാർ– സന്ദർശകർ, ജീവനക്കാർ എന്നിങ്ങനെ  തിരക്ക് ഒഴിവാക്കാൻ ലിഫ്റ്റ് വേർതിരിച്ചാണ് അനുവദിക്കുന്നത്. അതിനാൽ ഒന്നു പ്രവർത്തിക്കാതിരുന്നാൽ ലിഫ്റ്റുകളിൽ തിരക്കാകും.

സർക്കാർ ഏറ്റെടുത്തതിനു ശേഷം ആശുപത്രിയിൽ 3 വർഷം മുൻപ് 40 കോടി രൂപയുടെ നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. ഇതിൽ  പുതുതായി സ്ഥാപിച്ച 4 ലിഫ്റ്റാണ് മാസങ്ങളായി പ്രവർത്തിക്കാത്തത്. ഇവ പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ കരാർ കമ്പനിയോട്  ആശുപത്രി അധികൃതർ കർശനമായി ആവശ്യപ്പെടുന്നില്ലെന്നും ആരോപണമുണ്ട്. കൂട്ടിരിപ്പുകാർക്ക് മരുന്നും മറ്റും വാങ്ങി വരാനും പ്രയാസമാകുന്നുണ്ട്.  

ലിഫ്റ്റ് കേടാകുന്ന സന്ദർഭങ്ങളിൽ അടിയന്തര കേസുകൾ എത്തിയാൽ ചികിത്സ സമയത്തിനു നൽകാനും ബുദ്ധിമുട്ടാകുന്നു. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ താഴത്തെ നിലയിലാണ്. ലിഫ്റ്റ് തകരാറിലായാൽ പടിയിറങ്ങി വേണം താഴെയെത്താൻ. ഇതു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ദുരിതമാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക