Kannur
HomeNews

കണ്ണൂര്‍ വിമാനത്താവളം പച്ചപിടിക്കുന്നു

3 Jun 20251 മിനിറ്റ് വായന
കണ്ണൂര്‍ വിമാനത്താവളം പച്ചപിടിക്കുന്നു

 

യാത്രക്കാരുടെ എണ്ണത്തിലും വിമാന സര്‍വീസിന്റെ എണ്ണത്തിലും വര്‍ധനവ്‌ വന്നതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പച്ചപിടിക്കാന്‍ തുടങ്ങി.2018 ല്‍ ആരംഭിച്ച വിമാനത്താവളം പ്രാരംഭഘട്ടത്തില്‍ വന്‍ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോയത്‌. ഇതിനിടയില്‍ കോവിഡ്‌ വന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്‌ രേഖപ്പെടുത്തിയതും ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മേയ്‌ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മേയ്‌ മാസത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌.

1,47,928 യാത്രക്കാരും 1211 സര്‍വീസുകളുമാണ്‌ കഴിഞ്ഞ മാസം കണ്ണൂര്‍ വിമാനത്താവളത്തിലുണ്ടായത്‌. രാജ്യാന്തര സെക്‌ടറില്‍ അബുദാബി സെക്‌ടറിലാണ്‌ ഏറ്റവുമധികം യാത്രക്കാരുണ്ടായത്‌.23,587 യാത്രക്കാരാണ്‌ അബുദാബിയിലേക്ക്‌ യാത്ര ചെയ്‌തത്‌. ആകെ രാജ്യാന്തര യാത്രക്കാരുടെ 60 ശതമാനവും യു.എ.ഇയിലേക്കാണ്‌. ഫുജൈറയിലേക്ക്‌ ഇന്‍ഡിഗോ സര്‍വീസ്‌ തുടങ്ങിയതോടെ ദുബായ്‌, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ച്‌ യു.എ.ഇ. നഗരങ്ങളിലേക്കും സര്‍വീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂര്‍ മാറി. തുടക്കത്തില്‍ തന്നെ ഓരോ സര്‍വീസിലും 90 ശതമാനത്തിലധികം യാത്രക്കാര്‍ ഫുജൈറ സെക്‌ടറിലുണ്ട്‌. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങും. 13200 പേര്‍ യാത്ര ചെയ്‌ത മുംബൈ സെക്‌ടറിലാണ്‌ ആഭ്യന്തര തലത്തില്‍ കഴിഞ്ഞ മാസം കൂടുതല്‍ യാത്രക്കാരുള്ളത്‌. ഇന്‍ഡിഗോയോടൊപ്പം ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ കൂടി സര്‍വീസ്‌ തുടങ്ങിയതോടെയാണ്‌ മുംബൈ സെക്‌ടറില്‍ യാത്രക്കാര്‍ വര്‍ധിച്ചത്‌.ഹൈദരാബാദ്‌, തിരുവനന്തപുരം റൂട്ടുകളിലേക്കും എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ മേയ്‌ മാസം മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. മേയ്‌ 11 മുതല്‍ 29 വരെ ഹജ്‌ തീര്‍ഥാടനത്തിന്റെ ഭാഗമായി 4,756 തീര്‍ഥാടകര്‍ കണ്ണൂരില്‍ നിന്നും പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ട സര്‍വീസുകള്‍ ജൂണ്‍ 30 മുതല്‍ തുടങ്ങും. ഏറെ കാത്തിരിക്കുന്ന പോയിന്റ്‌ ഓഫ്‌ കോള്‍ പദവി കൂടി ലഭിച്ചാല്‍ വിദേശ വിമാന കമ്ബനിയുടെ വിമാനങ്ങള്‍ ഇവിടെ നിന്ന്‌ സര്‍വീസ്‌ ആരംഭിച്ചാല്‍ വിമാനത്താവളം ഏറെ മെച്ചപ്പെടും എന്നാണ്‌ വിലയിരുത്തല്‍.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക