കണ്ണൂരില്‍ ഊത്ത മീൻ പിടിച്ചു വീഡിയോ ചിത്രീകരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറിസ് വകുപ്പ് അധികൃതര്‍

കണ്ണൂർ: ഊത്ത പിടുത്തം ഉള്‍പ്പെടെ അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍ പെട്ടാല്‍ ഉള്‍നാടൻ അക്വാകള്‍ച്ചർ ആൻഡ് ഫിഷറീസ് ആക്‌ട് പ്രകാരം കർശനമായ നടപടികളും പിഴയും ഈടാക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനമായ ഊത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഊത്തകയറ്റം ഈ വർഷം മെയ് പകുതിയോടെ ആരംഭിച്ചിട്ടുണ്ട്.
ഊത്ത പിടുത്തം സർക്കാർ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. കാലവർഷം ആരംഭിച്ചതോടെ ഇത് ക്രമാതീതമായി വർധിക്കുകയും കൂടുതല്‍ പ്രചാരണം നല്‍കുന്ന തരത്തിലുള്ള വീഡിയോ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നിയമലംഘനം നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാർഹമാണ്.
മത്സ്യങ്ങളുടെ വംശനാശ ഭീഷണി നേരിടുന്ന പ്രശ്നമായതിനാല്‍ പൊതുജന സഹകരണവും പഞ്ചായത്തുതലത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലും അനിവാര്യമാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതികള്‍ 0497-2731081 ഫോണ്‍ നമ്പറിൽ അറിയിക്കണം





