Kannur
HomeNews

പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു

16 Jun 20251 മിനിറ്റ് വായന
പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു



ക്ഷേത്ര ദർശനത്തിനായെത്തിയ ദമ്പതിമാർ സഞ്ചരിച്ച കാർ പറശ്ശിനിക്കടവ് റോഡിൽനിന്ന്‌ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആഴത്തിലേക്ക് കാർ പതിച്ചെങ്കിലും കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികൾ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ സജീന്ദനാഥ് (46), ഭാര്യ കെ.എൻ. കാർത്തിക (38) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. റോഡരികിലെ താഴ്ചയറിയാതെ കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. അപകടംനടന്നയുടനെ ഓടിയെത്തിയ നാട്ടുകാരും തീർത്ഥാടകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ തളിപ്പറമ്പിലെ സഹകരണ ആസ്പത്രിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ല.


പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിൽ എത്തുന്നവരിൽ ഭൂരിഭാഗവും പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. മറ്റ്‌ പാർക്കിങ് സ്ഥലങ്ങൾ നിറയുന്നതോടെയാണ് റോഡരികുകൂടി പാർക്കിങ് മേഖലയായി മാറുന്നത്. എന്നാൽ ഈ സ്ഥലത്തിന്റെ കിഴക്കുഭാഗം വലിയ താഴ്ചയും പടിഞ്ഞാറുഭാഗം ഓടയുമാണ്. അതിനാൽ റോഡിന് വീതിയുള്ള കിഴക്കുഭാഗത്താണ് വാഹനങ്ങൾ ഭൂരിഭാഗവും നിർത്തിയിടാറുള്ളത്. നിരവധി വാഹനങ്ങൾ പതിറ്റാണ്ടുകളായി ഈ സ്ഥലം പാർക്കിങ്ങിനായി ഉപയോഗിച്ചുവരികയാണ്. എന്നാൽ സ്ഥലത്തിന് തൊട്ട് വലിയ അപകടക്കെണിയായിട്ടും സംരക്ഷണഭിത്തി നിർമിക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക