Kannur
HomeNews

പറശ്ശിനിക്കടവിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സും കൺവെൻഷൻ സെന്ററും വരുന്നു

13 Jun 20251 മിനിറ്റ് വായന
പറശ്ശിനിക്കടവിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സും കൺവെൻഷൻ സെന്ററും വരുന്നു

 



ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന, വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിൽ ബസ് സ്റ്റാൻഡ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും വരുന്നു. ഇതിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ അനുമതിയായി


27 കോടി രൂപ ചെലവിലാണ് നിർമാണം. പറശ്ശിനി ബസ്‌സ്റ്റാൻഡ്‌ കോംപ്ലക്സ്, കൺവെൻഷൻ സെന്റർ തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതി നടത്തിപ്പിന്‌ കിഫ്ബി നിർവഹണ ഏജൻസിയായ ഇംപാക്ട് കേരളയെയാണ് ചുമതലപ്പെടുത്തിയത്. പറശ്ശിനിക്കടവിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള കോവർക്കിങ്‌ സ്പേസ്‌ ഉൾപ്പെടെ വിഭാവനം ചെയ്ത പദ്ധതിക്കാണ്‌ എം.വി. ഗോവിന്ദൻ എംഎൽഎ മുഖേന അനുമതി തേടിയിരുന്നത്‌.


ബേസ്‌മെന്റ്‌ പാർക്കിങ്‌ ഉൾപ്പെടെ അഞ്ച് നിലകളിലായി 61,000 ചതുരശ്ര അടിയിലാണ്‌ ബസ് സ്റ്റാൻഡ് കോംപ്ലക്‌സും കൺവെൻഷൻ സെന്ററുമൊരുങ്ങുക. ബസുകൾക്കെല്ലാം നിർത്തിയിടാനും യാത്രക്കാരെ കയറ്റുന്നതിനുമുള്ള സൗകര്യവും ബസ്‌ബേയും സജ്ജീകരിക്കും. താഴത്തെ നിലയിലും ഒന്നാം നിലയിലും പൂർണമായും വാണിജ്യാവാശ്യത്തിനുളള അൻപതോളം മുറികളാണുണ്ടാവുക. 10 വിശ്രമമുറികളും രണ്ട്‌ വലിയ ഡോർമിറ്ററിയുമാണ്‌ രണ്ടാംനിലയിൽ. മൂന്നാം നിലയിൽ ഗെയിമിങ്‌ സ്പേസ്‌, ഫുഡ്‌കോർട്ട്, കൺവെൻഷൻ സെന്ററും സെമി ഓപ്പൺ ടെറസ്സുമുൾപ്പെടുന്ന കോവർക്കിങ്‌ സ്പേസും സജ്ജീകരിക്കും.


ബസ്‌സ്‌റ്റാൻഡ് മുതൽ പാലംവരെ റോഡിനിരുവശവും നടപ്പാതയും അലങ്കാരവിളക്കുകളും ഒരുക്കി സൗന്ദര്യവത്കരിക്കുന്നതിന് നേരത്തേ എംവി ഗോവിന്ദന്റെ എംഎൽഎ ഫണ്ടിൽനിന്ന് 2.84 കോടിരൂപ അനുവദിച്ചിരുന്നു.


പറശ്ശിനി അമ്പലം മുതൽ മൊറാഴ നീലിയാർകോട്ടം വരെയുള്ള തീർഥാടനവഴിയുൾപ്പെടുന്ന വെള്ളിക്കീൽ-പറശ്ശിനിക്കടവ് ടൂറിസം കോറിഡോറിന്‌ എട്ടുകോടിരൂപയുടെ പ്രവൃത്തിക്കും നേരത്തേ അനുമതിയായിട്ടുണ്ട്‌.


വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, നീലിയാർ കോട്ടം, ധർമശാല ആർട്ട് ഗാലറി എന്നിവ ഈ കോറിഡോറിലുൾപ്പെടും.


തീർഥാടകർകരുൾപ്പെടെയുള്ളവർക്ക് താമസസൗകര്യമൊരുക്കാൻ സർക്കാർ വിശ്രമമന്ദിരത്തിന്‌ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കൈയിലുള്ള 50 സെന്റ്‌ സ്ഥലം ഇതിനായി പൊതുമരാമത്തുവകുപ്പിന് കൈമാറി. പറശ്ശിനിയിലെ ബോട്ട് സർവീസ്‌ ശക്തിപ്പെടുത്താൻ രണ്ട്‌ ശീതീകരിച്ച ബോട്ടുകളും ഉടനെത്തും. ഇതിന്‌ രണ്ടുകോടിരൂപയും ബോട്ട്‌ജെട്ടി വിപുലീകരിക്കാൻ 3.5 കോടി രൂപയും പറശ്ശിനിപ്പുഴയുടെ തീരസംരക്ഷണത്തിന്‌ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക