ഇരിട്ടി - കൂട്ടുപുഴ റോഡില്‍ തെങ്ങ് വീണ് ബസ് കാത്തിരുപ്പ് കേന്ദ്രം തകർന്നു

ഇരിട്ടി : ഇരിട്ടി - കൂട്ടുപുഴ റോഡില്‍ തെങ്ങ് വീണ് ബസ് കാത്തിരുപ്പ് കേന്ദ്രം തകർന്നു. ഈ സമയം ആളുകള്‍ ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി.ശനിയാഴ്ച്ചരാവിലെ ആറു മണിയോടെയാണ് മുപ്പത് മീറ്ററോളം ഉയരത്തില്‍ കുന്നിൻ മുകളില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്തെ തെങ്ങ് റോഡിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ റോഡിനു സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ഉള്‍പ്പെടെ പൂർണ്ണമായും തകർന്നു.
റോഡിന് കുറുകേ പതിച്ച തെങ്ങ് ഇരിട്ടി അഗ്നി രക്ഷാ സേന എത്തി മുറിച്ചു നീക്കം ചെയ്തു. ഇരിട്ടി പുതിയ പാലത്തിനു സമീപം കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലേക്കാണ് തെങ്ങ് വീണത്. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങളും , ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ യാത്രക്കാരും ഇല്ലാതിരുന്നതാണ് അപകടങ്ങള്‍ ഒഴിവായത്. തലശ്ശേരി വളവ്പാറ റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടി പാലത്തിനു സമീപത്തെ വലിയ കുന്ന് കുത്തനെ മുറിച്ചത്. വലിയ മണ്ണിടിച്ചല്‍ ഭീഷണി ഉയർന്നതോടെ കാലവർഷ സമയങ്ങളില്‍ അധികൃതർ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു.
ഇരിട്ടി ഫയർ ആന്റ് റെസ്ക്യൂ എ എസ് ടി ഒ മെഹറൂഫ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ രാഹുല്‍ കെ , അനു എൻ.ജെ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുണ്‍ കുമാർ കെ , സൂരജ് സി.വി , സിവില്‍ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഉൻമേഷ് കെ.ബി എന്നിവരുടെ നേതൃത്വത്തിലാണ് തെങ്ങുമുറിച്ചു മാറ്റിയത്.





