പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

ശക്തമായ മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിക്കകത്ത് വെള്ളം കയറി. ഇതോടെ രോഗികളും സന്ദർശകരും ബുദ്ധിമുട്ടിലായി.
കെട്ടിട നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന ആക്ഷേപമുയർന്നു. ഏഴുനിലകളുള്ള കെട്ടിടത്തിന്റെ, മുകൾ നിലയിൽനിന്ന് താഴത്തെ നിലവരെ റാമ്പ് വഴി വെള്ളം ഒഴുകിയിറങ്ങുകയായിരുന്നു. ഇതിലൂടെ എല്ലാ നിലയിലും വെള്ളമെത്തി. ഒ.പി വിഭാഗം പൂർണമായി വെള്ളത്തിലായിരുന്നു.
ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കോ ബന്ധുക്കൾക്കോ കെട്ടിട വരാന്തയിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വഴുതി വീഴാനുള്ള സാധ്യതയും ഏറെയാണ്. കെട്ടിടത്തിന്റെ മുകൾഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും ഭീഷണിയാണ്. ഏറ്റവും മുകളിൽ കെട്ടിയ പാരപ്പറ്റ് ചിലയിടങ്ങളിൽ വിണ്ടുകീറി.
കെട്ടിടത്തിനകത്തേക്ക് വെള്ളം കയറാനിടയായത് നിർമാണത്തിലെ അപാകത കൊണ്ടാണെന്നും ഇതിന് ശാശ്വത പരിഹാരം കാണാൻ സംവിധാനമുണ്ടാക്കണമെന്നും ആശുപത്രി സുപ്രണ്ട് ഡോ. പി.എം. ജ്യോതിയെ കണ്ട് യു.ഡി.എഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവർ ആരോഗ്യ മന്ത്രിക്ക് ഫാക്സ് സന്ദേശവും അയച്ചു.





