പയ്യന്നൂർ റെയിൽവേ സ്റ്റേഷന്‍: ഓട്ടമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ തകരാറിൽ

റെയിൽവേ സ്റ്റേഷനിലെ ഓട്ടമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ (എടിവിഎം) കനത്ത മഴയിൽ തകരാറിലായതോടെ ടിക്കറ്റ് കിട്ടാതെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷൻ നവീകരണ ഭാഗമായി കെട്ടിടത്തിന്റെ ഒരുഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച പന്തലിലാണ് 2 എടിവിഎം മെഷീനുകളുപയോഗിച്ച് ഏജൻസികൾ ടിക്കറ്റ് നൽകുന്നത്. ഇതിനോടു ചേർന്ന് സ്റ്റേഷൻ കെട്ടിടത്തിന്റെ അകത്തുനിന്ന് റെയിൽവേ സാധാരണപോലെ ടിക്കറ്റ് നൽകുന്നുണ്ട്. ഇതുമായി യാത്രക്കാർ പൊരുത്തപ്പെട്ടു വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മെഷീനുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായി. ഇതോടെ സ്റ്റേഷനിൽ ഇന്നലെ യാത്രക്കാർക്കു ടിക്കറ്റ് കിട്ടാതായി. മെഷീനുകളിലൊന്നും റെയിൽവേയുടെ ടിക്കറ്റ് കൗണ്ടറുമാണ് ഇന്നലെ പ്രവർത്തിച്ചത്. ടിക്കറ്റ് കൗണ്ടറിൽ റിസർവേഷനും സീസൺ ടിക്കറ്റും നൽകുന്നതിനാൽ ഓർഡിനറി ടിക്കറ്റിന് ക്യൂ നിൽക്കുന്ന യാത്രക്കാർ പ്രയാസപ്പെട്ടു. മാത്രവുമല്ല കാർഡ് ഉപയോഗിച്ച് പണം സ്വീകരിക്കുന്നതിനാൽ സമയം വേണ്ടിവരുന്നു
ഫലത്തിൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ഒരു ടിക്കറ്റ് മെഷീൻ കൗണ്ടറിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ മെഷീൻ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് 6 മാസം പിന്നിട്ടിട്ടും അത് യാഥാർഥ്യമാക്കിയില്ല. തകരാറിലായ മെഷീൻ പാലക്കാട്ടേക്ക് കൊണ്ടുപോയിട്ടുണ്ട്. അതു തിരിച്ചെത്തിക്കുംവരെ റെയിൽവേ ഓർഡിനറി ടിക്കറ്റിനായി പ്രത്യേക കൗണ്ടർ തുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.





