Kannur
HomeNews

സൗത്ത് ഇന്ത്യൻ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്‌: ഒരാൾകൂടി അറസ്‌റ്റിൽ

7 Oct 20231 മിനിറ്റ് വായന
സൗത്ത് ഇന്ത്യൻ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്‌: ഒരാൾകൂടി അറസ്‌റ്റിൽ


തളിപ്പറമ്പ്:(www.payangadilive.in) 
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ചെറുകുന്ന് താവം നാസിഹ മൻസിലിൽ പി നദീറിനെയാണ് (29) തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഈയത്തിൽ നിർമിച്ച് സ്വർണംപൂശിയ 1.73 കിലോഗ്രാം തൂക്കംവരുന്ന ലോക്കറ്റ് പണയംവച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ തൃക്കരിപ്പൂർ തങ്കയം സ്വദേശി ജാഫർ തലയില്ലത്തിനെ കഴിഞ്ഞ നവംബറിൽ അറസ്റ്റുചെയ്തിരുന്നു. ജാഫറിന്റെ സുഹൃത്താണ് പിടിയിലായ നദീർ.
കഴിഞ്ഞ നവംബറിലാണ് ബാങ്കിൽനടന്ന വൻ മുക്കുപണ്ട തട്ടിപ്പ് പുറത്തുവന്നത്. 2020 നവംബർ 25 മുതൽ വിവിധ തീയതികളിലായി ചിറവക്കിലുള്ള ബാങ്കിലെത്തി ജാഫറും നദീറും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ സ്വർണം പണയംവച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. ജാഫറിനെ കൂടാതെയുള്ള ഒമ്പതുപേരുടെ പേരിൽ 2073.9 ഗ്രാം സ്വർണമാണ് പണയംവച്ചത്. പണയംവയ്ക്കുന്ന ആഭരണങ്ങളിൽ ഒരോന്നിന്റെയുംപുറത്ത് നാല് ഗ്രാമിലധികം സ്വർണം പൂശിയതിനാൽ ബാങ്ക് അപ്രൈസർക്ക് വ്യാജമാണോയെന്ന് കണ്ടെത്താനായില്ല. പണയ ഉരുപ്പടി തിരിച്ചെടുക്കാത്തതിനാൽ ലേലം ചെയ്യുന്നതിനായി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഈയമാണെന്ന് കണ്ടെത്തിയത്.
ബാങ്കിൽനടന്ന തട്ടിപ്പ് അധികൃതർ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ജാഫറുമായി ഒത്തുതീർപ്പുണ്ടാക്കി 17 ലക്ഷം രൂപ തിരിച്ചടപ്പിക്കുകയുംചെയ്തു. എഎസ്ഐ ഷാജൻ, സീനിയർ സിപിഒ അരുൺ എന്നിവരും നദീറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക