Kannur
ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ല; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്രം
31 May 20241 മിനിറ്റ് വായന
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം നൂറുശതമാനവും സത്യവിരുദ്ധമാണ്. ക്ഷേത്രത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ക്ഷേത്രം ഭരണസമിതി പ്രതികരിച്ചു. ക്ഷേത്രത്തില്‍ ശത്രുഭൈരവീ യാഗം നടത്തുന്നില്ല. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും മൃഗബലി ഇല്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
തളിപ്പറമ്പ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ശിവകുമാറിന്റെ ആരോപണം സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തള്ളി. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡി കെ ശിവകുമാര്‍ വെളിപ്പെടുത്തിയത്.





