Kannur
HomeNews

ഇന്നത്തെ പ്രാദേശിക വാർത്തകൾ ഒറ്റനോട്ടത്തിൽ...

29 May 20242 മിനിറ്റ് വായന
ഇന്നത്തെ പ്രാദേശിക വാർത്തകൾ ഒറ്റനോട്ടത്തിൽ...

കൂടുതല്‍ സ്വര്‍ണ്ണം വേണം-ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്.

പഴയങ്ങാടി: കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു.

മാട്ടൂല്‍ നോര്‍ത്ത് മൂസക്കാന്‍ മസ്ജിദിന് സമീപത്തെ ചക്കാലക്കല്‍ വീട്ടില്‍ സി.ആമിനയുടെ(28)പരാതിയാണ് ഭര്‍ത്താവ് പുതിയങ്ങാടി എ.സി.ഹൗസില്‍ സി. ഉനൈസ്(33) മാതാവ് മറിയുമ്മ എന്നിവരുടെ പേരില്‍ കേസെടുത്തത്.

2017 ജൂലൈ-18 ന് വിവാഹിതരായി ഒന്നിച്ച് താമസിക്കുന്നതിനിടയിലാണ് പീഡനം നടന്നതെന്നാണ് പരാതി.

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് നാളെ മുതൽ

എടക്കാട് : ദേശീയപാത പൂർത്തിയാകുന്നതോടെ തോട്ടട വഴി നടാൽ ഗേറ്റ് കടന്നുപോകുന്ന ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഗതാഗതസൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ-തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ വ്യാഴാഴ്ച മുതൽ പണിമുടക്കും. നടാലിൽ നിന്ന് പ്രകടനവും ഒ.കെ.യു.പി. സ്കൂളിന് സമീപത്ത് റോഡ് ഉപരോധവുമുണ്ടാകും. കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. ഒ.കെ.യു.പി. സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് കർമസമിതി ഭാരവാഹികളും സംയുക്ത സമരസമിതിയും ആവശ്യപ്പെട്ടു.

അധ്യാപക ഒഴിവ്


പഴയങ്ങാടി : ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗത്തിൽ. അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.

പട്ടുവം: അരിയിൽ ഗവ എൽപി സ്കൂളിൽ മുഴുവൻ സമയ അറബിക് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. അഭിമുഖം 30ന് 11.30ന്.

തളിപ്പറമ്പ്: കീഴാറ്റൂർ ഗവ എൽപി സ്കൂളിൽ എൽപിഎസ്എയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 30ന് 11ന്.

കല്യാശ്ശേരി : ഗവ. എൽ.പി. സ്കൂളിൽ പാർട്ട്ടൈം അറബിക്. അഭിമുഖം 31-ന് രാവിലെ 10-ന്.

ഒടുവില്‍ മോര്‍ച്ചറി ഫ്രീസറുകളെത്തി, ജൂണ്‍ മധ്യത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങും.


പരിയാരം: ഏറെ കാലത്തെ മുറവിളിക്ക് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മോര്‍ച്ചറി ഫ്രീസര്‍ എത്തി.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് നാല് ഫ്രീസറുകള്‍ എത്തിച്ചത്. ഒന്നര വര്‍ഷം മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ ആവശ്യത്തിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 7.25 ലക്ഷം രൂപ അടച്ചിരുന്നു.

എന്നാല്‍ വിതരണകമ്പനി വൈകിക്കുകയായിരുന്നു. അവസാനം സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഇന്നലെ നാല് യൂണിറ്റ് എത്തിച്ചത്.

ജൂണ്‍ മധ്യത്തോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 6 മാസത്തിലേറെയായി 12 ഫ്രീസറുകളില്‍ 8 എണ്ണം കേടായതിനാല്‍ മൃതദേഹങ്ങളുമായി പോലീസും മരിച്ചവരുടെ ബന്ധുക്കളും നെട്ടോട്ടത്തിലായിരുന്നു.

കേടായി കിടക്കുന്ന ഫ്രീസറുകളും ഇതോടൊപ്പം റിപ്പേര്‍ ചെയ്യും. ഇതോടെ 16 ഫ്രീസറുകളാണ് മോര്‍ച്ചറിയില്‍ ഉണ്ടാവുക.

എന്നാല്‍ 45 മുതല്‍ 50 കിലോഗ്രാം വരുന്ന മൃതദേഹങ്ങള്‍ മാത്രം വെക്കാന്‍ ശേഷിയുള്ളവയാണ് ഈ ഫ്രീസറുകളെന്നും അതിനാലാണ് റെയിലുകള്‍ പൊട്ടി ഇവ കേടാവുന്നതെന്നും പരാതിയുണ്ട്.

80 കിലോഗ്രാം മുതല്‍ 110 കിലോഗ്രാം വരെ തൂക്കമുള്ള മൃതദേഹങ്ങള്‍ വെക്കാന്‍ തക്ക ശേഷിയുള്ള ഫ്രീസറുകളായിരിക്കണം പുതുതായി സ്ഥാപിക്കേണ്ടെതന്നാണ് ഫോറന്‍സിക് വിഭാഗം അവശ്യപ്പെടുന്നത്.

രാമന്തളിയില്‍ യുവാവിനെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചു

മഴ നനയാതിരിക്കാനായി പെട്ടിപ്പീടികയില്‍ കയറിയ നിന്നയാളെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.എ. മുഹമ്മദ്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ മജീദിനെതിരേ കേസെടുത്തത്. പെട്ടെന്നുള്ള മഴ വന്നപ്പോള്‍ നനയാതിരിക്കാനായി ബീച്ചിലുള്ള മജീദിന്‍റെ പെട്ടിപ്പീടികയില്‍ പരാതിക്കാരന്‍ കയറിയതാണ് സംഭവത്തിന് കാരണമായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലേമുക്കാലോടെ എട്ടിക്കുളം ബീച്ചിലാണ് സംഭവം നടന്നത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയ പരാതിക്കാരന് മുപ്പത്തിമൂന്നോളം സ്റ്റിച്ചുകളിടേണ്ടിവന്നു. ചികിത്സയില്‍ കഴിയുന്ന പരാതിക്കാരനില്‍നിന്നു മൊഴിയെടുത്തശേഷമാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് പ്രതിക്കെതിരേ കേസെടുത്തത്.


മടക്കരയിൽ നാളെ ഗതാഗത നിയന്ത്രണം

മടക്കര ജുമാ മസ്ജിദ് മുതൽ-
മടക്കര ഡാം പാലം വരെ ( ചെറിയ പാലം) നാളെ ടാറിങ് വർക്ക് നടക്കുന്നതിനാൽ ഇതുവഴി ഒരു വാഹനങ്ങളെയും കടത്തിവിടുന്നതല്ല.
ചെറിയ വാഹനങ്ങൾക്ക് മടക്കര മഖാം റോഡ് കയറി -
മടക്കര ഡാം റോഡ് വഴി സഞ്ചരിക്കാവുന്നതാണ്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക