Kannur
ദുരന്തപാതയായി പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ്
1 May 20241 മിനിറ്റ് വായന
ജില്ലയിൽ അപകടമരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത റോഡാണ് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ്. നിർമാണം പൂർത്തിയാക്കുന്നതിന് മുൻപുതന്നെ അപകടങ്ങളും അപകടമരണങ്ങളും തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ അഞ്ചുപേരുടെ മരണമാണ് ഒടുവിലത്തെ അപകടം. അപകടത്തിൽ പരിക്കേറ്റവരും കിടപ്പിലായവരും അംഗവൈകല്യം സംഭവിച്ചവരും ഒട്ടേറെയുണ്ട്.
പഴയങ്ങാടി, കണ്ണപുരം, വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. ഈ സ്റ്റേഷനുകളിൽനിന്ന് ലഭിച്ച കണക്കുകളനുസരിച്ച് 2018 മുതൽ ഇതുവരെയായി 133 പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. പയ്യന്നൂരിനും കണ്ണൂരിനുമിടയിലുള്ള യാത്രയ്ക്ക് എട്ട് കിലോമീറ്റർ ദൂരക്കുറവുള്ളതിനാൽ ദേശീയപാതയിലൂടെ പോകേണ്ട മിക്ക വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്.
കത്താത്ത വിളക്കുകൾ
റോഡിന് ചില സ്ഥലങ്ങളിൽ നല്ല വീതിയുണ്ടെങ്കിൽ ചിലയിടത്ത് വീതികുറവാണ്. കയറ്റവും ഇറക്കവും വളവുകളും നികത്താതെയാണ് റോഡ് നിർമിച്ചത്. പ്രസ്തുത റോഡിൽ നടക്കുന്ന അപകടങ്ങൾക്ക് ഇവയും കാരണമാകുന്നുണ്ട്. രാത്രിയിൽ റോഡിലെ വെളിച്ചക്കുറവ് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമട്ടുണ്ടാക്കുന്നു.
പിലാത്തറമുതൽ പാപ്പിനിശ്ശേരിയിലെ പഴയങ്ങാടി റോഡ് വരെ 146-ഓളം സൗരോർജവിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ 90 ശതമാനവും ആദ്യംമുതലേ കത്തുന്നില്ല.
പ്രവർത്തിക്കാത്ത സിഗ്നലുകൾ
-ഓളം സൗരോർജ സിഗ്നലുകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ പലതും പ്രവർത്തിക്കുന്നില്ല. ആവശ്യമുള്ള സ്ഥലങ്ങളിലല്ല സിഗ്നലുകൾ സ്ഥാപിച്ചത്. രണ്ടുകോടി രൂപ ചെലവഴിച്ച് സുരക്ഷാപദ്ധതി ഒരുക്കിയിട്ടും ഫലമില്ലാതായി.
ക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ല. റോഡിൽ പലയിടങ്ങളിലായി വരഞ്ഞ വെള്ളവരയും കാണാനില്ല. ഡ്രൈവർമാരുടെ അമിതവേഗം അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിൽ നിറയെ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.





