Kannur
അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻ നൽകി, നാലുവയസ്സുകാരന് പൊള്ളൽ
11 May 20241 മിനിറ്റ് വായന
അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻ നൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽ പൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി വിദ്യാർത്ഥി ബിസ്മില്ലയിൽ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്.കെ.ഷാനജിൻ്റെയും സി.കെ ജസാനയുടെയും മകനാണ്. കീഴ്ത്താടിയിലും ചുണ്ടിലും വായ്ക്കുള്ളിലും പൊള്ളലുണ്ട്. ജന്മനാ സംസാരശേഷിയില്ലാത്ത കുട്ടിയാണ് ഷിയാൻ. രാവിലെ 10ന് കുട്ടിയെ അങ്കണവാടിയിൽ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തി കുറച്ചു സമയം കഴിയുമ്പോഴേക്കും കുട്ടിയുടെ മാതാവിനെ അധ്യാപിക അപകടവിവരം വിളിച്ചറിയിക്കുകയായിരുന്നു.
ആദ്യം പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും തലശ്ശേരി ഗവ.ആശുപത്രിയിലും ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആയയുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പിണറായി പോലീസും ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ കുഞ്ഞ്. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.





