Kannur
HomeNews

ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ അടു​ത്ത മാ​സ​ത്തോ​ടെ 10 ലി​ഫ്റ്റു​ക​ൾ പ്രവർ​ത്ത​ന സ​ജ്ജ​മാ​ക്കും: എം​എ​ൽ​എ

31 May 20241 മിനിറ്റ് വായന
ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ അടു​ത്ത മാ​സ​ത്തോ​ടെ 10 ലി​ഫ്റ്റു​ക​ൾ പ്രവർ​ത്ത​ന സ​ജ്ജ​മാ​ക്കും: എം​എ​ൽ​എ


പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളുടെ തകരാർ പരിഹരിക്കാൻ ഇടപെട്ട് എം.വിജിൻ എംഎൽഎ. കോളജിലെത്തിയ എംഎൽഎ ലിഫ്റ്റ് സ്ഥാപിച്ച കമ്പനി അധികൃതരും കോളജ് എൻജിനീയറിംഗ് വിഭാഗവുമായി സംസാരിച്ചു. ഇതിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച എംഎൽഎ പത്ത് ലിഫ്റ്റുകളും അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാക്കുമെന്ന് അറിയിച്ചു.

പുതിയ രണ്ട് ലിഫ്റ്റുകൾ ഇടിമിന്നലിനെ തുടർന്ന് തകർന്നുവെന്നത് വിശ്വസിക്കാനാവില്ല. ഇവയുടെ യന്ത്രം മാറ്റി ഉടൻ പ്രവർത്തിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അറ്റകുറ്റപ്പണി ഉൾപ്പെടെ 34 കോടി രൂപ ചെലവിൽ സ്ഥാപിച്ച യന്ത്രത്തിന് തകരാർ സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം സ്ഥാപിച്ച കമ്പനിക്കാണ്. ഒരെണ്ണത്തിന്‍റെ പ്രവർത്തനം തിങ്കളാഴ്ച പുനഃസ്ഥാപിക്കാമെന്ന് കമ്പനി പ്രതിനിധികൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിന്‍റെ യന്ത്രം ഫിൻലാൻഡിൽ നിന്ന് എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. വൈകാതെ 14 ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാകുമെന്നും എംഎൽഎ പറഞ്ഞു. നിലവിൽ ഒരു ലിഫ്റ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. ലിഫ്റ്റുകൾ പ്രവർത്തിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് സംബന്ധിച്ച് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പുതുതായി കൊണ്ടുവന്ന മോർച്ചറി ഫ്രീസറുകൾ ഉടൻ പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും സീവേജ് പ്ലാന്‍റ് അറ്റകുറ്റപ്പണി ആരംഭിച്ചതായും പുതിയ അത്യാധുനിക പ്ലാന്‍റ് സ്ഥാപിക്കുന്നതിന് എട്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായും എം.വിജിൻ എംഎൽഎ പറഞ്ഞു. ആശുപത്രി കെട്ടിടത്തിന്‍റെ പുനർനിർമാണം അവസാനഘട്ടത്തിലാണ്. ഓപ്പറേഷൻ തിയറ്റർ, ഡയാലിസിസ് കേന്ദ്രം തുടങ്ങിയവയുടെ പുനർനിർമാണത്തിന്‍റെ ഭാഗമായി ചികിത്സ സംവിധാനത്തിൽ ചില നിയന്ത്രണങ്ങൾ വേണ്ടിവരും. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും എംഎൽഎ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക