Kannur
കണ്ണൂരില്‍ പ്രശ്‌ന സാധ്യത ബൂത്തുകള്‍ മുന്നൂറിലേറെയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്
23 Apr 20241 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളില്‍ വോട്ടെടുപ്പില്‍ പ്രശ്നസാധ്യതയുണ്ടന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. 320 ബൂത്തുകളില്‍ വോട്ടെടുപ്പില്‍ പ്രശ്‌ന സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അതീവസുരക്ഷ പ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സിആര്‍പിഎഫും ദ്രുതകര്‍മ സേനയും കണ്ണൂരില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍, വടകര, കാസര്‍കോട് ലോക്‌സഭ മണ്ഡലങ്ങളിലെ ചില നിയമസഭ മണ്ഡലങ്ങളിലാണ് അതിപ്രശ്‌ന സാധ്യത ബൂത്തുകള്‍ ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ മലയോരത്തെ 34 ബൂത്തുകള്‍ മാവോവാദി ഭീഷണിയും നേരിടുന്നുണ്ട്.വടകര ലോക്‌സഭ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തളിപ്പറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, കാസര്‍കോട് മണ്ഡലത്തിലെ പയ്യന്നൂര്‍ മണ്ഡലങ്ങളിലാണ് പ്രശ്‌ന സാധ്യത ബൂത്തുകള്‍.
ഇവിടങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് കമ്പനി സി ആര്‍ പി എഫും രണ്ട് കമ്പനി ദ്രുതകര്‍മ സേനയും ജില്ലയിലെത്തിയിട്ടുണ്ട്. കര്‍ണാടക പോലീസിന്റെ മൂന്ന് കമ്പനി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.ദ്രുതകര്‍മസേനയുടെ 831 സേനാംഗങ്ങള്‍ പിലാത്തറയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.





