Kannur
പാനൂര്‍ സ്ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ, നിര്‍ണായക വിവരം തേടി പൊലീസ്, ഒളിവിലുള്ളവര്‍ക്കായി അന്വേഷണം
7 Apr 20241 മിനിറ്റ് വായന
ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന നിര്‍ണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാല്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
അതേസമയം,പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.





