Kannur
HomeNews

ചര്‍ച്ച പരാജയം: നാവിക അക്കാദമിയിലെ കരാര്‍ തൊഴിലാളി പണിമുടക്ക് ശക്തമാക്കി

1 Jan 20241 മിനിറ്റ് വായന
ചര്‍ച്ച പരാജയം: നാവിക അക്കാദമിയിലെ കരാര്‍ തൊഴിലാളി പണിമുടക്ക് ശക്തമാക്കി


പയ്യന്നൂര്‍:(www.payangadilive.in) രണ്ടു വര്‍ഷ കാലമായി വേതനത്തില്‍ വര്‍ദ്ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് ഏഴിമല നാവിക അക്കാദമിയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം ശക്തമാക്കാന്‍ സമര സഹായ സമിതി തീരുമാനിച്ചു. ഇന്നലെ കരാറുകാരും യൂണിയന്‍ നേതാക്കളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാൻ തീരുമാനം.

രാമന്തളി സെന്‍ട്രലില്‍ ചേര്‍ന്ന പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ അഭിമാനമായ നാവിക അക്കാദമിയില്‍ തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുന്നില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും അതിലിടപെടാനുമുള്ള ഉത്തരവാദിത്വം രാജ്യരക്ഷാ അധികൃതര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിത്യജീവിത ചെലവുകളില്‍ വലിയ വര്‍ദ്ധനവ് വന്നിട്ടും വര്‍ഷങ്ങളായി പുതുക്കാതെ കിടക്കുന്ന വേതനം വര്‍ദ്ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമര സഹായ സമിതി ചെയര്‍മാന്‍ ഒ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.പ്രമോദ്, കെ.പി.വി.രാഘവന്‍, കെ.വി.ബാലകൃഷ്ണന്‍, കെ.വിജീഷ്, പണ്ണേരി രമേശന്‍, പി.വി.സുജാത എന്നിവര്‍ സംസാരിച്ചു.

പൊതുയോഗത്തിന് മുമ്പായി പ്രകടനവും നടത്തി.കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കുമുമ്പ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് സെപ്തംബര്‍ നാലിന് സൂചനാ പണിമുടക്ക് നടത്തിയിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തിവരുന്നത്.
കരാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നാനൂറോളം തൊഴിലാളികളാണ് അനിശ്ചിതകാല പണിമുടക്ക് സമരത്തിലുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക