Kannur
HomeNews

കള്ളപ്പേരില്‍ ഒളിവുജീവിതം നയിച്ച പ്രതി കണ്ണൂരിൽ പിടിയിൽ.

13 Jan 20241 മിനിറ്റ് വായന
കള്ളപ്പേരില്‍ ഒളിവുജീവിതം നയിച്ച പ്രതി കണ്ണൂരിൽ പിടിയിൽ.

കണ്ണൂര്‍: പതിമൂന്നു വര്‍ഷമായി സ്വദേശത്തും വിദേശത്തും സവാദിനായി പൊലീസും എൻ.ഐ.എയും തിരച്ചില്‍ നടത്തുമ്ബോള്‍ കള്ളപ്പേരില്‍ മരപ്പണിയുമായി കണ്ണൂരിലെ വിവിധയിടങ്ങളിലായി കഴിയുകയായിരുന്നു പ്രമാദമായ കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ്. ഷാജഹാനെന്ന പേരിലായിരുന്നു സവാദ് രണ്ടുവര്‍ഷമായി മട്ടന്നൂരിനടുത്ത ബേരത്ത് വാടക വീട്ടില്‍ ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചിരുന്നത്.

മരപ്പണിക്കാരനായിരുന്ന സവാദ് കാസര്‍കോട് സ്വദേശിയാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. അന്വേഷണ ഏജൻസികള്‍ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന കൈവെട്ട് കേസിലെ പ്രതി സവാദ് താമസിച്ചിരുന്നത് കണ്ണൂരിലെ ഒറ്റനില വീട്ടിലാണ്. ഇതിന് മുൻപും മട്ടന്നൂരിലെ വിവിധയിടങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നു.
മരപ്പണിയെടുത്താണ് ജീവിതം നയിച്ചിരുന്നത്. നിലവില്‍ തൊട്ടടുത്തുള്ള ഒരു വീട്ടിലായിരുന്നു ജോലി. കുടുംബമായി താമസിക്കുന്ന സവാദിനെതിരെ ഒരു ഘട്ടത്തില്‍ പോലും നാട്ടുകാര്‍ക്കോ അയല്‍വാസികള്‍ക്കോ സംശയം തോന്നിയിരുന്നില്ല.ചൊവ്വാഴ്ച അര്‍ദ്ധരാത്രി കൊച്ചിയില്‍ നിന്നുള്ള എൻ.ഐ.എ സംഘം സവാദിനെ കസ്റ്റഡിയിലെടുത്ത് പോകുമ്ബോഴും ഇത്ര വലിയ കേസിലെ പ്രതിയാണ് ഇയാളെന്ന് നാട്ടുകാര്‍ അറിഞ്ഞില്ല. മയക്കുമരുന്ന് കേസില്‍ അകപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ ആദ്യഘട്ടത്തില്‍ സംശയിച്ചത്.

അതെസമയം സവാദിന് ഇത്രയും സുരക്ഷിതമായ താവളം ലഭിച്ചത് എങ്ങനെയാണെന്നും പ്രാദേശിക സഹായം ലഭിച്ചതും സംബന്ധിച്ച്‌ പുറത്തുവരേണ്ടതുണ്ട്. കൈവെട്ട് കേസിലെ പ്രതിയാണെന്ന വിവരം അറിവുണ്ടായിരുന്നില്ല. അതേസമയം, സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവില്‍ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നുമാണ് എൻഐഎ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക