Kannur
ഹർഷാദ് കേരളം വിട്ടെന്ന് സൂചന; രക്ഷപ്പെട്ടത് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിൽ, സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
15 Jan 20241 മിനിറ്റ് വായന
ജയിലിൽ നിന്ന് പുറത്തേക്കെത്തിയ ഹർഷാദ് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. സംഭവത്തിൽ ജയിലിൽ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയിൽ ചാടാനുള്ള ആസൂത്രണത്തിൽ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി തടവുചാടി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിരുന്നു.
കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതർ കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്നലെ രാവിലെ അതിവിദഗ്ധമായി ജയിൽ ചാടി പോയത്.





