Kannur
ചെറുവത്തൂരിലെ മദ്യശാല പൂട്ടിയതിനെതിരേ ഹൈക്കോടതിയിൽ ഹർജി
15 Jan 20241 മിനിറ്റ് വായന
ചെറുവത്തൂരിലെ ജനകീയ സമിതി സെക്രട്ടറി ചെറുവത്തൂര്‍ മൈലാടിക്കുന്ന് രമ്യാലയത്തില്‍ കെ.ടി.രാജേഷ്, കണ്‍സ്യൂമര്‍ഫെഡിന് ഔട്ട്‌ലെറ്റ് തുറക്കാന്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിന്റെ ഉടമ കൊടക്കാട് ആനിക്കാടി മിഥുന്‍ നിവാസില്‍ കെ.മാധവന്‍നായര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാരിനെയും കണ്‍സ്യൂമര്‍ഫെഡിനെയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറേയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെയും എതിര്‍കക്ഷികളാക്കി കേരള ഹൈക്കോടതിയില്‍ ഹർജി ഫയല്‍ചെയ്തത്.
ചെറുവത്തൂരിലെ ഒരു മദ്യമുതലാളിയെ സഹായിക്കാനാണ് ഒരുദിവസം മാത്രം തുറന്ന ബീവറേജ് ഔട്ട്‌ലെറ്റ് രേഖാമൂലമുള്ള ഉത്തരവുകളൊന്നുമില്ലാതെ അടച്ചുപൂട്ടിയതെന്ന് ഹർജിക്കാര്‍ ആരോപിക്കുന്നു. ഔട്ട്‌ലെറ്റ് ഒഴിവാക്കി ഇവിടെനിന്നും മദ്യം കടത്തിക്കൊണ്ടുപോകാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെയും എക്‌സൈസിന്റെയും നീക്കങ്ങള്‍ ജനങ്ങള്‍ തടഞ്ഞിരുന്നു.
ഇതുമൂലം മദ്യം കടത്താന്‍ കഴിഞ്ഞില്ല. നിലവില്‍ ഔട്ട്‌ലെറ്റിലുള്ള മദ്യം അവിടെനിന്നും മാറ്റരുതെന്നും ഔട്ട്‌ലെറ്റ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കണമെന്നുമാണ് ജനകീയസമിതി സെക്രട്ടറി കെ.ടി.രാജേഷ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന് 7 മുറികള്‍ വിട്ടുകൊടുക്കാനായി തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിഎസ് ഷോറൂം, ബാര്‍ബര്‍ഷോപ്പ് തുടങ്ങിയവ നഷ്ടപരിഹാരം കൊടുത്താണ് ഒഴിപ്പിച്ചതെന്നും പ്രസ്തുത മുറികളില്‍ ഇന്റീരിയല്‍വര്‍ക്കിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും വന്‍തുക മുടക്കിയെന്നും ഇതിന്റെയെല്ലാം ചിലവും നഷ്ടപരിഹാരവുമായി തനിക്ക് 10 ലക്ഷം രൂപ ലഭിക്കണമെന്നുമാണ് കെട്ടിട ഉടമ മാധവന്‍നായരുടെ ആവശ്യം. ബീവറേജ് ഔട്ട്‌ലെറ്റില്‍ നവംബര്‍ 23 ന് ഒറ്റദിവസത്തെ കച്ചവടത്തിലൂടെ 9,42380 രൂപ ലഭിച്ചിരുന്നു. അന്നേദിവസം ചെറുവത്തൂരിലെ മദ്യശാലയില്‍ കച്ചവടം വല്ലാതെ ഇടിഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വന്‍തുകകള്‍ സംഭാവന നല്‍കുന്ന ബാര്‍ മുതലാളിയുടെ സങ്കടവും പരിഭവവും കണക്കിലെടുത്താണ് പിറ്റേന്ന് മുതല്‍ ഔട്ട്‌ലെറ്റ് തുറക്കേണ്ടതില്ലെന്നും ചെറുവത്തൂരില്‍ ഔട്ട്‌ലെറ്റ് തന്നെ വേണ്ടെന്നും പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ തീരുമാനം ഉണ്ടാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 90,000 രൂപ മാസവാടക നിശ്ചയിച്ചാണ് മാധവന്‍നായര്‍ കണ്‍സ്യൂമര്‍ഫെഡിന് കെട്ടിടമുറികള്‍ നല്‍കിയത്.
കഴിഞ്ഞ ജുലൈ 19 നാണ് കണ്‍സ്യൂമര്‍ഫെഡ് കെട്ടിടo ഉടമ മാധവന്‍നായരുമായി ഇതുസംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയത്. കെ.ടി.രാജേഷിന്റെയും കെ.മാധവന്‍നായരുടെയും ഹരജി ഫയലില്‍ സ്വീകരിച്ചു.





