Kannur
HomeNews

സമാന്തര ഓട്ടോസർവ്വീസ് - രാമന്തളി, കുന്നരു,എട്ടിക്കുളം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും

30 Jan 20241 മിനിറ്റ് വായന
സമാന്തര ഓട്ടോസർവ്വീസ് - രാമന്തളി, കുന്നരു,എട്ടിക്കുളം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും


പയ്യന്നൂർ: റെയിൽവെ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ വെച്ച് ഓട്ടോറിക്ഷകൾ സമാന്തര സർവ്വീസ് നടത്തുന്നത് സ്വകാര്യ ബസ് സർവീസിന് ഭീഷണിയായി മാറിയതായി താലൂക്ക് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

റെയിൽവെ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ നിയമപരമായി അനുവദിച്ചിരിക്കുന്ന പ്രീപെയ്‌ഡ് ഓട്ടോ സ്റ്റാൻ്റ്നിലനിൽക്കെ പല ഓട്ടോറിക്ഷകളും അനധികൃതമായി ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്ത് ബസ് കാത്തുനിൽക്കുന്നവരെ വിളിച്ചുകയറ്റി പയ്യന്നൂർ ഭാഗത്തേക്ക് സമാന്തര സർവ്വീസ് നടത്തിവരികയാണ്. സ്റ്റോപ്പിൽ ഓട്ടോ തൊഴിലാളികൾ സംഘടിച്ച് മിക്ക ദിവസങ്ങളിലും സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റാൻ ബസ് തൊഴിലാളികളെ അനുവദിക്കുന്നില്ലെന്നും ഇത്തരം നിയമവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്ന ബസ് തൊഴിലാളികൾ പല തവണ ആക്രമിക്കപ്പെട്ടിട്ടുമുണ്ടെന്നും ചൂണ്ടി കാണിച്ചു.

ജില്ലാ കലക്‌ടർ, എം.എൽ.എ. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ്, പയ്യന്നൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, കണ്ണൂർ ജില്ല റൂറൽ എസ്.പി., പയ്യന്നൂർ ഡി.വൈ.എസ്.പി., പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ തുടങ്ങിയവർക്ക് പരാതി നൽകുകയും യൂണിയൻ സംഘടനാ ഭാരവാഹികൾ, നഗരസഭ വൈസ് ചെയർമാൻ എന്നിവരുമായി പലതവണ ചർച്ച ചെയ്തെങ്കിലും നാളിതുവരെ യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല.

ഇത്തരമൊരു സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി ഫെബ്രവരി എട്ട് ചൊവ്വാഴ്ചമുതൽ റൂട്ടിൽ
ബസ് സർവ്വീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഭാരവാഹികളായ വി.വി.ലത്തീഫ് ,കെ .സുബൈർ, കെ.ശശിധരൻ, പി.നാരായണൻ,
എൻ.വി. ബൈജു, വി.രാജീവൻ, സി.കരുണാകരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക