Kannur
HomeNews

സ്റ്റേഷനിൽ അക്രമം; സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരൻ അറസ്റ്റിൽ

24 Oct 20231 മിനിറ്റ് വായന
സ്റ്റേഷനിൽ അക്രമം; സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരൻ അറസ്റ്റിൽ


തളിപ്പറമ്പ:(www.payangadilive.in)
മദ്യലഹരിയിൽപോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പോലീസ് വാഹനം തകർക്കുകയും ചെയ്ത ആറോളം കേസിൽ പ്രതിയായി സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരൻ അറസ്റ്റിൽ. ചെങ്ങളായി നെടിയേങ്ങനെടുങ്ങോം ഐച്ചേരിയിലെ മുൻ പോലീസുകാരനായ ടി.വി.പ്രദീപനെ (47)യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.15 ഓടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പരാതിയെ കുറിച്ച് സംസാരിക്കുന്നതിനിടെ മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയ പ്രതി പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കോമ്പൗണ്ടിൽ നിർത്തിയിട്ട പോലീസ് ജീപ്പിൻ്റെ ഗ്ലാസ് ചവിട്ടി തകർക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ യുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.നേരത്തെ കാഞ്ഞങ്ങാട് സൗത്തിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് അതിക്രമം കാണിച്ചതിനും കണ്ണൂരിൽ വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയതിനും ഉൾപ്പെടെ ആറു കേസുകളിൽ പ്രതിയായ ഇയാളെ പോലീസ് സേനയിൽ നിന്നും ഇക്കഴിഞ്ഞ ആഗസ്ത് 9ന് പോലീസ് ആസ്ഥാനത്തെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇന്നലെ തളിപ്പറമ്പ് സ്റ്റേഷനിലെ സംഭവത്തോടെ ഇയാൾക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക