Kannur
HomeNews

മീൻകുന്ന് : ബ്ലൂ ഫ്ലാഗ്' പരിഗണനയിൽ കണ്ണൂർ ചാൽ ബീച്ച്

14 Dec 20231 മിനിറ്റ് വായന
മീൻകുന്ന് : ബ്ലൂ ഫ്ലാഗ്' പരിഗണനയിൽ കണ്ണൂർ ചാൽ ബീച്ച്

 


മീൻകുന്ന്: ശുചിത്വവും പാരിസ്ഥിതിക മാനദണ്ഡങ്ങളും ആധാരമാക്കിയുള്ള 'ബ്ലൂ ഫ്ളാഗ്' പദവി ലഭിക്കുന്നതിന് കണ്ണൂരിലെ മീൻകുന്ന് ചാൽ ബീച്ച് പരിഗണനയിൽ. പദവി ലഭിച്ചാൽ കേരളത്തിലെ രണ്ടാമത്തെ 'ബ്ലൂ ഫ്ളാഗ്' ബിച്ചായി ചാൽ മാറും.

അംഗീകാരം ലഭിക്കുന്നതിനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ബീച്ചിൽ നടക്കുകയാണ്. ഇതിനായി മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ഡി ടി പി സിക്ക് പത്ത് ലക്ഷത്തോളം രൂപ അനുവദിച്ചു. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന പുതിയ നിർമാണങ്ങളൊന്നും ബീച്ചിൽ നടത്തില്ല. നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി മാതൃകാ ഡെസ്റ്റിനേഷനായി ഉയർത്തി സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

എന്താണ് ബ്ലൂ ഫ്ലാഗ് പദവി ?

ശുചിത്വമുള്ള പരിസ്ഥിതി സൗഹൃദ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് പരിഗണിക്കുക. ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജുക്കേഷനാണ് പദവി നൽകുന്നത്. 51 രാജ്യങ്ങളിലായി 5038 ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റുകൾ ഇതുവരെ നൽകി. കടൽ ജലത്തിന്റെ ശുദ്ധത, തീരത്തിന്റെ ശുചിത്വം, സുരക്ഷാ ക്രമീകരണം എന്നിവ പരിഗണിക്കും. ഭിന്നശേഷി, ശിശുസൗഹൃദ സൗകര്യങ്ങൾ എന്നിവയും പദവി നൽകുന്നതിന് മാനദണ്ഡങ്ങളാണ്.

കോഴിക്കോട്ടെ കാപ്പാട് ബീച്ചിന് മാത്രമാണ് നിലവിൽ സംസ്ഥാനത്ത് 'ബ്ലൂ ഫ്ലാഗ്' പദവിയുള്ളത്. ഗോൾഡൻ ബിച്ച് (ഒഡിഷ), ശിവരാജ്പൂർ ബിച്ച് (ഗുജറാത്ത്), ഗോ ബീച്ച് (ദിയു), രാധാനഗർ ബീച്ച് (അന്തമാൻ ആൻഡ് നിക്കോബാർ), കാസർകോട് ബീച്ച്, പഡുബിദ്രി ബീച്ച് (രണ്ടും കർണാടക), റിഷി കൊണ്ട ബിച്ച് (ആന്ധ്ര) എന്നിവയാണ് രാജ്യത്തെ മറ്റു 'ബ്ലൂ ഫ്ലാഗ് ബീച്ചുകൾ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക