Information
HomeNews

അക്ഷയ കേന്ദ്രങ്ങൾക്കെതിരെ നടപടി, പിഴ ഈടാക്കി

30 Nov 20231 മിനിറ്റ് വായന
അക്ഷയ കേന്ദ്രങ്ങൾക്കെതിരെ നടപടി, പിഴ ഈടാക്കി

 


പയ്യന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ നിബന്ധനകള്‍ മറികടന്നുള്ള ഭീമമായ തുക വസൂലാക്കുന്ന കേന്ദ്രങ്ങളായി മാറുന്നതായ പരാതിയെ തുടർന്ന് പരിശോധനയിൽ നടപടി തുടങ്ങി. അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പയ്യന്നൂരിലെ രണ്ട് അക്ഷയ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തി. ടൗണിലെ അബൂബക്കർ സിദ്ധിഖിൻ്റെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപയും അന്നൂരിലെ പി. സജിനയുടെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രത്തിൽ നിന്ന് അയ്യായിരം രൂപയുമാണ്പിഴഈടാക്കിയത്.കേന്ദ്രത്തിലെത്തുന്നവരിൽ നിന്നും തുക ഈടാക്കിയതിന് കൃത്യമായ കമ്പ്യൂട്ടറൈസ്ഡ് ബില്ല് നൽകാതെയും, ഫീസ് ബോർഡ് ആളുകൾ കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കാതെയും, അമിത തുക ഈടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

 അക്ഷയ കേന്ദ്രത്തിലെത്തുന്നവരോട് മോശമായി പെരുമാറിയാൽ നടപടി യുടെ ഭാഗമായി ആയിരം രൂപ വേറെയും പിഴ ചുമത്തും.സർക്കാർ ഉത്തരവ് പ്രകാരം ക്രമനമ്പർ 24/2019 വിവര സാങ്കേതിക വകുപ്പ് പ്രകാരം ഏർപ്പെടുത്തിയ ശിക്ഷാ നടപടിയായി ലൈസൻസ് വരെ റദ്ദുചെയ്യുന്ന നടപടി വരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് അക്ഷയ കേന്ദ്രങ്ങളിൽ ജില്ലാ വിജിലൻസും രഹസ്യ പരിശോധന നടത്തിയിരുന്നു. സ്വയം തൊഴില്‍ സംരംഭമായി കണക്കാക്കി അനുമതി നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ തോന്നുംപോലെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം.

ഇരുചക്ര വാഹനങ്ങളുടെ ആര്‍സി മാറ്റുന്നതിന് സര്‍ക്കാരിന് ലഭിക്കേണ്ടത് 430 രൂപയാണ്. എന്നാല്‍ ചില അക്ഷയ കേന്ദ്രങ്ങള്‍ ഇതിനായി വാങ്ങുന്നത് 630 മുതല്‍ 930 രൂപ വരെയാണ്. മോട്ടോര്‍ വാഹനങ്ങളുടെ ടാക്‌സ് അടക്കുന്നതിന് 1000 രൂപ വരെ സര്‍വീസ് ചാര്‍ജ് വാങ്ങുന്നവരുമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളിലും കോമണ്‍ ഡിജിറ്റല്‍ സര്‍വീസ് സെന്ററുകളിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നാണ് പുറത്തു വരുന്ന വിവരം.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക