Kannur
മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് പരാതി
11 Dec 20231 മിനിറ്റ് വായന
മൂന്നു ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ അന്നുതന്നെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 5.30ന് മരണം സംഭവിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാജേഷിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നത്.
വാർഡ് അംഗം ബീന റോജസും ഇതേ ആരോപണവുമായി രംഗത്തെത്തി. എന്നാൽ ചികിത്സ നല്കിയെന്നും രാജേഷിന്‍റെ ശ്വാസകോശത്തെയടക്കം രോഗം ബാധിച്ചതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഐഎച്ച്ഡിപി കോളനിയിലെ സുശീല -രാജു ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്. രാജി, രാഗേഷ് എന്നിവർ സഹോദരങ്ങളാണ്.
ഉച്ചയോടെ കീഴ്പള്ളി പുതിയങ്ങാടിയിലെത്തിച്ചു മൃതദേഹം സംസ്കരിച്ചു. സ്ഥലത്തെത്തിയ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ സണ്ണി ജോസഫ് രാജേഷിന്‍റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം ആരോഗ്യമന്ത്രി വീണ ജോർജിനെ വിളിച്ച് കുടുംബത്തിന്‍റെ പരാതി അറിയിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.





