Kannur
HomeNews

സൂക്ഷിക്കുക ദേശീയപാതയിൽ കുറ്റിയുണ്ട്, വാഹനങ്ങൾ കുറ്റിയിലിടിച്ച് അപകടം പതിവാകുന്നു

8 Dec 20231 മിനിറ്റ് വായന
സൂക്ഷിക്കുക ദേശീയപാതയിൽ കുറ്റിയുണ്ട്, വാഹനങ്ങൾ കുറ്റിയിലിടിച്ച് അപകടം പതിവാകുന്നു


കണ്ണൂർ:(www.payangadilive.in) വാഹനങ്ങളെ അപകടത്തിൽ പ്പെടുത്താൻ റോഡിന് നടുവിൽ ഇരുമ്പുകുറ്റി. ദേശീയപാതയിൽ പൊടിക്കുണ്ട് ജങ്ഷനിലാണ് അപകടഭീഷണിയുയർത്തി ഇരുമ്പുകുറ്റിയുള്ളത്.
കൊറ്റാളി ഭാഗത്തുനിന്ന് വരുന്ന റോഡ് ദേശീയപാതയിൽ പ്രവേശിക്കുന്ന ഭാഗത്തിന് മധ്യത്തിലായി മുമ്പ് തെരുവുവിളക്ക് സ്ഥാപിച്ചിരുന്ന വൈദ്യുതി തൂണുണ്ടായിരുന്നു. കാലപ്പഴക്കത്താൽ തൂൺ ദ്രവിച്ചതിനെത്തുടർന്ന് മാറ്റി. എന്നാൽ, ഇരുമ്പ് തൂണിൻ്റെ തറയോട് ചേർന്നുള്ള കുറ്റിമാറ്റിയില്ല. ഇവിടെ ഇത്തരത്തിൽ ഒരു കുറ്റിയുണ്ടെന്ന് ഡ്രൈവർമാർ തിരിച്ചറിയാത്തതിനാൽ ദേശീയപാതയിൽ നിന്ന് പൊടിക്കുണ്ട് കൊറ്റാളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈ കുറ്റിയിലിടിച്ച് അപകടം പതിവാണ്.

ഒരു ദിവസം ഒന്നിലധികം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. രാത്രി സമയത്താണ് കൂടുതൽ അപകടവും. കഴിഞ്ഞ ദിവസം രാത്രിയിലും കാർ അപകടത്തിൽപ്പെട്ടു. മുന്നറിയിപ്പ് നൽകുന്നതിന് പരിസരത്തുള്ളവർ ടയർ കുറ്റിയുടെ ചുറ്റും വച്ചെങ്കിലും അപകടങ്ങൾക്ക് കുറവില്ല. കുറ്റി പിഴുതുമാറ്റി ഇവിടെ സിഗ്നൽ സംവിധാനങ്ങളോടെ ഡിവൈഡർ സ്ഥാപിക്കണമെന്നാണ് ആവശ്യം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക