Kannur
ഉപ്പുവെള്ളം കയറുന്നു; കൊട്ടില തെക്കുംഭാഗത്ത് നെൽക്കൃഷി നിലച്ചിട്ട് മൂന്നുവർഷം..
20 Nov 20231 മിനിറ്റ് വായന
തളിപ്പറമ്പ് (Payangadi Live) : കൈപ്പാടിൽനിന്നുള്ള ഉപ്പുവെള്ളം നെൽവയലിലെത്തുന്നതു കാരണം കൊട്ടില അടിപ്പാലത്തിനു സമീപം തെക്കുംഭാഗം വയലിൽ കൃഷി നിലച്ചു. പതിറ്റാണ്ടുകളായി നെല്ല്, ഉഴുന്ന്, ചെറുപയർ കൃഷിചെയ്തിരുന്ന പാടങ്ങളാണിത്. മൂന്നു വർഷമായി കൃഷിയിറക്കാത്തതിനാൽ വയലിൽ ചുള്ളിക്കാടുകൾ വളരാൻ തുടങ്ങി.
കൊട്ടില പുഴയുടെ ഭാഗമായുള്ള കൈപ്പാടിൽനിന്നാണ് വയലിലേക്കും ഉപ്പുവെള്ളമെത്തുന്നത്. ഇവിടെ കൈപ്പാട് കൃഷി നിലച്ചതും വയലിലെ കർഷകർക്ക് വിനയായി. എട്ട് ഏക്കറോളം നെൽവയലാണ് തരിശായത്.
മികച്ച രീതിയിൽ നെൽകൃഷി നടത്തിയിരുന്ന വയലുകളാണിത്. നെൽവയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ വയൽക്കര ചിറ കെട്ടി ഉയർത്തേണ്ടതുണ്ട്. ചിറകെട്ടേണ്ട ഭാഗത്ത് ചുള്ളിക്കാടുകൾ വളർന്നതിനാൽ പ്രവൃത്തി നടത്താൻ കർഷകർ ഏറെ ബുദ്ധിമുട്ടുന്നു.
സർക്കാർ പദ്ധതിയിലൂടെ വേണം ചിറകെട്ടി ഉയർത്തലെന്നാണ് കർഷകരുടെ ആവശ്യം. നെൽവയലായതിനാൽ മറ്റു കൃഷിചെയ്യാൻ ഭൂവുടമകൾക്കാകുന്നില്ല.





