Kannur
വാര്‍ഡ് ഭാരവാഹികളെന്ന് വ്യാജരേഖ, 1 കോടിയോളം തട്ടി; കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസ് എടുത്തു
8 Oct 20231 മിനിറ്റ് വായന
എടാട്ടെ എം.പി. മധുസൂദനന്റെ പരാതിയെ തുടർന്നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ വിജയനും വൈസ് പ്രസിഡന്റായ ജയരാജും ചേർന്നാണ് തട്ടിപ്പ് നടത്തിയതായി പരാതിയിലുള്ളത്.
ദേശീയപാതാ വികസനത്തിനായി ദേശീയപാതാ അതോറിറ്റിക്ക് എടനാട് കോൺഗ്രസ് കമ്മിറ്റിയുടെ 17 സെന്റ് വിട്ടുകൊടുത്തിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച 93,52,274 രൂപ പ്രതികൾ എടനാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണെന്ന വ്യാജരേഖയുണ്ടാക്കി ഇവരുടെ പേരിൽ കേരള ബാങ്കിന്റെ പയ്യന്നൂർ ശാഖയിൽ ആരംഭിച്ച ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി.
2021 ജനുവരി 27 മുതൽ സെപ്റ്റംബർ 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്ന് കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നാണ് പ്രതികൾക്കെതിരേ നടപടിയെടുക്കാൻ കോടതി നിർദേശിച്ചത്. ഇതുവരെയുള്ള പലിശയുൾപ്പെടെ 1.15 കോടി രൂപയാണ് വാർഡ് കമ്മിറ്റിക്ക് ലഭിക്കേണ്ടതെന്നും പരാതിയിലുണ്ട്. നിലവിലുള്ള വാർഡ് കമ്മിറ്റി ഭാരവാഹികളറിയാതെ തട്ടിക്കൂട്ടിയുണ്ടാക്കിയ വാർഡുകമ്മിറ്റി സെക്രട്ടറി/പ്രസിഡന്റ്, കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി എന്നിങ്ങനെ രണ്ടു കമ്മിറ്റിയുടെ പേരിലുണ്ടാക്കിയ ഒരേ അക്കൗണ്ട് നമ്പറാണ് ഇവർ ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്.





