Kannur
HomeNews

പയ്യന്നൂർ ചാമ്പ്യന്മാർ

8 Oct 20231 മിനിറ്റ് വായന
പയ്യന്നൂർ ചാമ്പ്യന്മാർ


റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ പയ്യന്നൂർ ഉപജില്ല ഓവറോൾ ചാമ്പ്യന്മാർ. ആദ്യദിനം മുതലുള്ള കുതിപ്പ്‌ നിലനിർത്തിയാണ്‌ പയ്യന്നൂർ കായിക കിരീടമണിഞ്ഞത്‌. 28 സ്വർണവും 17 വെള്ളിയും 22 വെങ്കലവുമായി 245 പോയിന്റുനേടി. മാത്തിൽ ഗവ. എച്ച്‌എസ്‌എസിന്റെയും പ്രാപ്പൊയിൽ ഗവ. എച്ച്‌എസ്‌എസിന്റെയും ചിറകിലേറിയാണ്‌ പയ്യന്നൂർ ബഹുദൂരം മുന്നിലെത്തിയത്‌. മേളയിൽ ആകെ 18 റെക്കോഡുകളും പിറന്നു.
105 പോയിന്റ്‌ നേടി തളിപ്പറമ്പ്‌ നോർത്ത്‌ രണ്ടാംസ്ഥാനത്തെത്തി. ഒമ്പത്‌ സ്വർണവും 13 വെള്ളിയും ആറ്‌ വെങ്കലവും നേടി. മൂന്നാം സ്ഥാനത്ത്‌ നൂറ്‌ പോയിന്റോടെ ഇരിട്ടി ഉപജില്ലയുണ്ട്‌. ആറ്‌ സ്വർണവും 12 വെള്ളിയും 14 വെങ്കലവുമാണ്‌ ഇവർ നേടിയത്‌.
സ്‌കൂൾ വിഭാഗത്തിൽ ജിഎച്ച്‌എസ്‌എസ്‌ മാത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. പത്ത്‌ സ്വർണവും നാല്‌ വെള്ളിയും ഏഴ്‌ വെങ്കലവും സ്വന്തമാക്കി 69 പോയിന്റാണ്‌ സ്കൂൾ കരസ്ഥമാക്കിയത്‌. ആറ്‌ വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി 54 പോയിന്റോടെ ജിഎച്ച്‌എസ്‌എസ്‌ പ്രാപ്പൊയിൽ തൊട്ടുപിന്നാലെയുണ്ട്‌. 39 പോയിന്റോടെ മട്ടന്നൂർ എച്ച്‌എസ്‌എസ്‌ മൂന്നും 38 പോയിന്റോടെ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ മണിക്കടവ്‌ നാലും സ്ഥാനം കരസ്ഥമാക്കി.
ജില്ലാ കായികമേള സമാപനസമ്മേളനവും സമ്മാനദാനവും തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത നിർവഹിച്ചു. വിരമിക്കുന്ന കായികാധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. ഡിഡിഇ എ പി അംബിക അധ്യക്ഷയായി. എഇഒ ഇ പി സുജാത സംസാരിച്ചു. വി വി പ്രേമാനന്ദൻ സ്വാഗതവും ഡി ജിനാൽകുമാർ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക