Kannur
ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം നാളെ മുതല്‍ പരിയാരത്ത്...
8 Oct 20231 മിനിറ്റ് വായന
പരിയാരം (Payangadi Live): ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം നാളെ മുതല്‍ 12 വരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ വിവിധ വേദികളിലായി നടക്കും.
കലോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 10 ന് രാവിലെ പത്തിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം. വിജിന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ സ്റ്റേജിതര മത്സരങ്ങളും 10,11,12 തീയതികളിലായി സ്റ്റേജ്തല മത്സരങ്ങളും നടക്കും. ഓപ്പണ്‍ ഓഡിറ്റോറിയമാണ് പ്രധാന വേദി, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, നഴ്‌സിംഗ് കോളജ് ഹാള്‍, നഴ്‌സിംഗ് സ്‌കൂ ള്‍ ഹാള്‍, പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയം എന്നീ അഞ്ചു വേദികളില്‍ വിവിധ മത്സരങ്ങളും മെഡിക്കല്‍ കോളജ് കവാടത്തിന് സമീപം ഒരുക്കിയ വേദിയില്‍ തെരുവ് നാടകമത്സരവും നടക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി കോളജ് തലത്തില്‍ വിജയികളായ അയ്യായിരത്തോളം കലാപ്രതിഭകളാണ് നോര്‍ത്തേണ്‍ സോണില്‍ മാറ്റുരയ്ക്കുക.
സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി പത്ത് ഇനങ്ങളിലാണ് മത്സരം നടക്കുക. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കലോത്സവം നടക്കുക. ചടങ്ങില്‍ സിനിമാതാരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍, ആഫ്‌സാന ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതി ഥികളായെത്തും. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.





