Kannur
മത്സരയോട്ടത്തിൽ പൊലിയുന്ന ജീവനുകൾ; നോക്കുകുത്തിയായി അധികൃതർ..
17 Oct 20231 മിനിറ്റ് വായന
ഞായർ, തിങ്കൾ ദിവസങ്ങളിൽ പുതിയതെരു, വളപട്ടണം എന്നിവിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. കാട്ടാമ്പള്ളി-പുതിയതെരു റോഡിലൂടെ നടന്നുപോകുന്നതിനിടെ സ്കൂട്ടറിടിച്ച് ഞായറാഴ്ച രാത്രി പുതിയതെരു ഓണപ്പറമ്പ് സമദർശിനി വായനശാലയ്ക്കു സമീപം കൊല്ലോൻ ഹരിദാസൻ മരിച്ചു.
തിങ്കളാഴ്ച രാവിലെ 11-ന് പാപ്പിനിശ്ശേരി ഭാഗത്തേക്ക് പോകുന്ന ദമ്പതിമാർ സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ അതേദിശയിൽ പിന്നിൽ വരികയായിരുന്ന പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന കരിപ്പാൽ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ചു. ബസ് തട്ടിയ ഉടൻ സ്കൂട്ടറിൽനിന്നും അഴീക്കോട് മൈലടത്തടം സ്വദേശിനി സ്മിത തെറിച്ച് റോഡിലേക്ക് വീഴുകയും ബസ് ശരീരത്തിൽ കയറി മരിച്ചു.
സ്കൂട്ടർ ഓടിച്ച സ്മിതയുടെ ഭർത്താവ് റോഡിലേക്ക് വീണ് കൈക്കും കാലിനും സാരമായ പരിക്കേറ്റെങ്കിലും ബസ് കയറാത്തതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സമാനരീതിയിൽ ദേശീയപാതയിൽ വേളാപുരത്ത് ഓഗസ്റ്റ് 22-ന് ബൈക്ക് യാത്രക്കാരനായ കീച്ചേരി പാറക്കടവ് സ്വദേശി യു.മനോജിന്റെ ജീവനും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കവർന്നിരുന്നു. ബസുകളുടെ മത്സരയോട്ടത്തിനിടയിൽ അടിക്കടി ജീവൻ പൊലിഞ്ഞിട്ടും ബസുകളുടെ വേഗം നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഏറ്റവും കൂടുതൽ അപകടംവരുത്തുന്നത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ്.
വളപട്ടണത്തിനും കീച്ചേരിക്കും ഇടയിൽ മാത്രം രണ്ടു വർഷത്തിനുള്ളിൽ സ്വകാര്യ ബസിടിച്ച് എട്ടുപേരാണ് മരിച്ചത്.
പാതയിലൂടെ ചീറിപ്പായുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കാണുമ്പോൾ തന്നെ മറ്റു വാഹനയാത്രക്കാർക്ക് പേടിയാണ്. അത്രയും വേഗത്തിലാണ് പലപ്പോഴും ബസുകളുടെ കുതിപ്പ്.അപകടം നടക്കുമ്പോൾ മാത്രം അധികൃതർ ഉണരുകയും പിന്നീട് കണ്ണടയ്ക്കുകയും ചെയ്യുന്നതും പതിവുരീതിയാണ്.
മോട്ടോർ വാഹന വകുപ്പും പോലീസും അമിതവേഗം തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അടിക്കടി റോഡിൽ ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കും.





