Kannur
HomeNews

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് ഉടമകള്‍ സെപ്തംബര്‍ 30 ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കും

29 Sept 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് ഉടമകള്‍ സെപ്തംബര്‍ 30 ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കും


കണ്ണൂര്‍:(www.payangadilive.in)
കര്‍ണ്ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും അനിയന്ത്രിതമായ രീതിയിലുള്ള ഇന്ധനക്കടത്ത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 200 ല്‍ പരം പമ്പുകൾ സെപ്റ്റംബർ മുപ്പതിന് രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിക്കും.

പമ്പുകൾ അടച്ചിടുന്നതോടൊപ്പം കമ്ബനികളില്‍ നിന്ന് അന്ന് ഇന്ധനം ബഹിഷ്‌കരിക്കുകയും ചെയ്യും. കേരളത്തിനെ അപേക്ഷിച്ച്‌ മാഹിയില്‍ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കര്‍ണ്ണാടകയില്‍ ഡീസലിന് എട്ട് രൂപയും പെട്രളിന് അഞ്ച് രൂപയുമാണ് വിലക്കുറവ്. ജില്ലക്കകത്തെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളിലും മറ്റ് വ്യാവസായിക സ്ഥാപനങ്ങളിലും ടാങ്കറുകളിലും ക്യാനുകളിലുമായി ദിനം പ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധനമാണ് കടത്തിക്കൊണ്ട് വരുന്നത്. ഇതിന് പുറമെ സര്‍വ്വീസ് ബസുകളിലും സ്‌കൂള്‍ ബസുകളിലുമായി ഇന്ധനം കടത്തുന്നുണ്ട്.

ഇതു വഴി സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നികുതിയാണ് നഷ്ടമാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. നാളെ രാവിലെ 10 മണിക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് ഡീലര്‍മാര്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

രാവിലെ പത്തുമണിക്ക് വ്യാപാരിവ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദേവസ്യാമേച്ചേരി സമരം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി വി ജയദേവന്‍, ജനറല്‍ സെക്രട്ടറി എം അനില്‍ കുമാര്‍, ട്രഷറര്‍ ഹരിദാസ്, ഇ എം ശശീന്ദ്രന്‍, കെ വി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക