Kerala
HomeNews

മോഡിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും നിങ്ങള്‍ക്കു നേരെയാണ്: കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

7 Feb 20191 മിനിറ്റ് വായന
മോഡിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും നിങ്ങള്‍ക്കു നേരെയാണ്: കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ മോഡി, കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാരിനെ പിരിച്ച വിട്ട ചരിത്രവും ഓര്‍മ്മപ്പെടുത്തി. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മോഡി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അവര്‍ കേന്ദ്ര സ്ഥാപനങ്ങളെ മുഴുവന്‍ അപഹസിക്കുകയായിരുന്നു. വ്യോമസേന അടക്കമുള്ള ഇന്ത്യയുടെ സൈന്യം ശക്തമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മോഡിയേയും ബിജെപിയേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ലണ്ടനില്‍ പോയി പത്രസമ്മേളനം വിളിച്ച് ഇന്ത്യയെ മോശമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസുകാരുടെ ശ്രമം. അതുകൊണ്ട് തന്നെ ഇവര്‍ ഒന്ന് മനസിലാക്കണം, മോഡിക്കെതിരെ ഒരു വിരല്‍ ഉയര്‍ത്തുമ്പോള്‍ ബാക്കി നാലു വിരലുകള്‍ നിങ്ങള്‍ക്കു നേരെയാണ് ഉയരുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്നും കോണ്‍ഗ്രസിന് മോഡി മുന്നറിയിപ്പ് നല്‍കി.

ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരാള്‍ അവരുടെ രാജഭരണത്തെ വെല്ലുവിളിച്ചു എന്നതാണ് കോണ്‍ഗ്രസിനോട് മോഡി ചെയ്ത തെറ്റെന്നും അദേഹം പരിഹസിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിട്ടതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. ഇന്ദിരാഗാന്ധി 50 ല്‍ അധികം തവണ അത് ചെയ്തിട്ടുണ്ട്. 1959 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചവിട്ടത് നേതാക്കള്‍ ഓര്‍മ്മിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നതെന്നും മോഡി പരാമര്‍ശം നടത്തി.

കഴിഞ്ഞ 55 വര്‍ഷങ്ങള്‍ക്കിടയില്‍ 12 കോടി ഗ്യാസ് കണക്ഷനുകള്‍ മാത്രം നല്‍കിയപ്പോള്‍, ഇക്കഴിഞ്ഞ 55 മാസങ്ങള്‍ക്കൊണ്ട് 13 കോടി ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചതായും മോഡി പറഞ്ഞു. നിക്ഷേപം, കൃഷി, പാല്‍ ഉ;പാദനം, എന്നി മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യം വലിയ പുരോഗതി നേടിയെന്നും മോഡി അഭിപ്രായപ്പെട്ടു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക