Kannur
HomeNews

പേടിപ്പിച്ച്‌ പനി;ദിനംപ്രതി 2000 പേര്‍ ചികിത്സ തേടുന്നു

28 Jun 20232 മിനിറ്റ് വായന
പേടിപ്പിച്ച്‌ പനി;ദിനംപ്രതി 2000 പേര്‍ ചികിത്സ തേടുന്നു


കണ്ണൂര്‍
: പനി ബാധിതരുടെ എണ്ണം ജില്ലയില്‍ ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,102 പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയത്.

ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ രോഗികളുടെ മാത്രം കണക്കാണ്. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളിലും മറ്റു ക്ലിനിക്കുകളിലും ദിനംപ്രതി ആയിരത്തിലധികം പേരാണ് പനിബാധിച്ച്‌ ചികിത്സ തേടുന്നത്. ദിവസം 2000ത്തോളം പേരാണ് ചികിത്സ തേടുന്നത്. വൈറല്‍ പനിക്ക് പുറമെ എലിപ്പനി, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് പനി ബാധിച്ച്‌ എത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും രണ്ടുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. മലയോര മേഖലയിലാണ് പകര്‍ച്ച പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വേങ്ങാട്, ശ്രീകണ്ഠപുരം, ഉളിക്കല്‍ എന്നീ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഴീക്കോട് ഭാഗത്താണ് എലിപ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 25 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന 130 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം മേഖലയില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം രണ്ട് മുതല്‍ ജില്ലയില്‍ പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതലുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ് പനി ക്ലിനിക്ക്. ജില്ലയില്‍ ഇതുവരെ പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. സംസ്ഥാനത്ത് എട്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുറത്ത് ഇടപഴകുമ്ബോള്‍ മാസ്‌ക് ഉപയോഗിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദ്യാലയങ്ങളിലേയ്ക്ക് അയയ്ക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.



പനി പടരുന്ന സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മരുന്ന് ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആയുര്‍വേദ, ഹോമിയോ ചികിത്സാവിഭാഗങ്ങളും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധതരം പനികള്‍ക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണെന്നാണ് ആക്ഷേപം. കൊതുക് നശീകരണവും മാലിന്യ നിര്‍മ്മാര്‍ജനവും മിക്ക തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തദ്ദേശ വകുപ്പും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

14 ഡെങ്കി ഹോട്ട് സ്പോട്ടുകള്‍

സ്വയംചികിത്സ നടത്താതെ കൃത്യമായ വൈദ്യസഹായം തേടുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുക. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാൻ ജലസ്രോതസ്സുകള്‍ മലിനമാവുന്നത് തടയുക. മലയോര ഭാഗങ്ങളിലും കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കേസുകള്‍ കുടുതല്‍. 14 തദ്ദേശ സ്ഥാപനങ്ങള്‍ ഡെങ്കിപ്പനിയുടെ ഹോട്ട്സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രോഗബാധയുടെയും ഈ വര്‍ഷത്തെ കേസുകളുടെയും അടിസ്ഥാനത്തിലാണിത്. എലിപ്പനി വരാതിരിക്കാനുള്ള വലിയൊരു മുൻകരുതല്‍ യഥാവിധിയുള്ള മാലിന്യ സംസ്‌കരണമാണ്. ശക്തമായ മേലുവേദന ഉള്ള പനി എലിപ്പനിയോ ഡെങ്കിപ്പനിയോ ആവാം.

1. ചിക്കൻ പോക്സില്‍ വലിയ വര്‍ദ്ധന ഈ വര്‍ഷം ഉണ്ടായി

2. ആന്റി വൈറല്‍ മരുന്നുകള്‍ ന്യൂമോണിയ പോലെ സങ്കീര്‍ണാവസ്ഥ തടയും

3. ചെള്ളുപനി കേസുകളിലും ശ്രദ്ധ വേണം
4. ഭക്ഷ്യ വിഷബാധ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

5. ഹെപ്പറ്റൈറ്റിസ് കൂടുതല്‍ ഉണ്ടായത് ചപ്പാരപ്പടവ് പഞ്ചായത്തില്‍

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക