കണ്ണൂർ കാസർകോട് ജില്ലകളിൽ ഞായറാഴ്ച (11/09) വൈദ്യുതി മുടങ്ങും...

കൂടുതൽ സബ് സ്റ്റേഷനുകളും പ്രസരണലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ജില്ലയിൽ പുരോഗമിക്കുന്നു. 220 കെവി ജിഐഎസ് തലശേരി സബ്സ്റ്റേഷൻ പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച 220 കെവി ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെവി സബ്സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മാങ്ങാട്, അഴിക്കോട് 110 കെ വി സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങും. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറക്കുക, ഉപഭോക്താക്കൾക്ക് വൈദ്യുതി അവശ്യാനുസരണം തടസ്സമില്ലാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കുന്നത്.





