Kannur
പാലക്കയംതട്ട് അഴിമതി അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ.
23 Oct 20191 മിനിറ്റ് വായന

പാലക്കയംതട്ട് ടൂറിസം പദ്ധതി അഴിമതിക്കേസിൽ കണ്ണൂർ വിജിലൻസ് യൂണിറ്റ് ഉടൻ കുറ്റപത്രം സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ നടപടിക്കായി ഡയറക്ടറുടെ അനുമതി തേടിയതായി വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഡിടിപിസി മുൻ സെക്രട്ടറി സജി വർഗീസ്, ആർക്കിടെക്ട് സി വിജയകുമാർ, കൊച്ചി അമ്പലമേട് എഫ്‌ആർബിഎൽ ബിൽഡിങ്‌സ് പ്രൊഡക്ടസ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എം കെ രാധാകൃഷ്‌ണൻ എന്നിവരാണ് പ്രതികൾ.എസ്‌റ്റിമേറ്റ് സ്വന്തം ഇഷ്ടപ്രകാരം റിവൈസ് ചെയ്‌തും വിലകുറഞ്ഞ സാധനസാമഗ്രികൾ കൂടിയ വില കാണിച്ച് ഉപയോഗിച്ചും സർക്കാരിന് 46.34 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. 2015 ഡിസംബർ 29നാണ് ഒരു കോടി രൂപയുടെ പദ്ധതിക്ക് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഭരണാനുമതി നൽകിയത്. ഡിടിപിസിക്കായിരുന്നു നിർമാണ ചുമതല. നടുവിൽ വെള്ളാട് ദേവസ്വം ബോർഡ് ചെയർമാൻ ടി എൻ ബാലകൃഷ്‌ണൻ തലശേരി വിജിലൻസ് കോടതിയിൽ നൽകിയ പരാതിയാണ് ടൂറിസം വികസനത്തിന്റെ മറവിൽ നടന്ന വൻ അഴിമതിയിലേക്ക് വെളിച്ചംവീശിയത്. ദേവസ്വം സ്ഥലത്ത് അനുമതിയില്ലാതെ നടക്കുന്ന നിർമാണപ്രവൃത്തി തടയണമെന്നായിരുന്നു പരാതിയിൽ. കോടതി നിർദേശപ്രകാരം നടന്ന ത്വരിതാന്വേഷണത്തിൽ തുടക്കം മുതൽ ശരിയായ രീതിയിലല്ല കാര്യങ്ങളെന്നു തെളിഞ്ഞു. തുടർന്ന് കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി എ വി പ്രദീപ് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കി അന്വേഷണമാരംഭിച്ചു. ഇപ്പോഴത്തെ ഡിവൈഎസ്‌പി വി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.വിപണിയിൽ 34,000 രൂപ വിലയുള്ള സോളാർ സ്‌ട്രീറ്റ് ലൈറ്റിന് 1,18,000 രൂപയാണ് കാണിച്ചത്. ഇത്തരം 35 ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 25,000 രൂപ വില വരുന്ന ഇരുമ്പു ബെഞ്ചിന് 75,000 കാണിച്ചു. ഇത്തരം 15 ബെഞ്ചുകളുണ്ട്. കൃത്യമായ സിവിൽ വർക്കോ ഇലക്‌ട്രിക്കൽ വർക്കോ ചെയ്‌തിരുന്നില്ല. നിയമാനുസൃതമല്ലാതെ 15 ശതമാനം ഹിൽ ഏരിയ അലവൻസും ചേർത്താണ് എസ്‌റ്റിമേറ്റ് റിവൈസ് ചെയ്‌തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാം പ്രതിക്കും സ്വകാര്യകമ്പനിക്കും അന്യായ ലാഭമുണ്ടാക്കുന്നതിന് മൂന്നുപേരും കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം.





