പയ്യന്നൂരില്‍ ചുമര്‍ തുരന്ന് 75,000 രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു

പയ്യന്നൂര്‍: പെരുമ്പയില്‍ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ തുരന്ന് കവര്‍ച്ച. പയ്യന്നൂര്‍ പെരുമ്പ മാര്‍ക്കറ്റിലെ ഫൈസല്‍ ട്രേഡിങ് കമ്പനിയിലാണ് കവര്‍ച്ച നടന്നത്. ഇന്നു രാവിലെ കട തുറക്കാനെത്തിയ ഉടമ ചാക്കിലുണ്ടായിരുന്ന പച്ചരി താഴെ മറിഞ്ഞ് കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് സ്ഥാപനത്തിന്റെ പിറകിലെ ചുമര് തുരന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കട പരിശോധിച്ചപ്പോള്‍ വിതരണത്തിനായി എത്തിച്ച സിഗരറ്റ് മോഷണം പോയതായി കണ്ടെത്തി. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചുമര് തുരന്നതിന് സമീപത്തായി മോഷ്ടാവിന്റേതെന്ന് കരുതുന്ന ചെറിയ ടോര്‍ച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചുമരിനകത്ത് അട്ടിയിട്ടുവെച്ചിരുന്ന ചെറിയ അരിച്ചാക്കുകളിലൊന്ന് പുറത്തെടുത്തുവെച്ച നിലയിലുമാണ്. നേരത്തെ സ്ഥലം നോക്കിവെച്ച ശേഷം മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. കട ഉടമയുടെ സഹോദരിയും കുടുംബവും താമസിക്കുന്നത് തൊട്ടടുത്താണ്. ചുമര് തുരക്കുന്ന ശബ്ദം തൊട്ടടുത്ത വീട്ടുകാര്‍ പോലും കേട്ടിരുന്നില്ല. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തനക്ഷമമാണെങ്കിലും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കിയതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലിസ് സംശയിക്കുന്നത്.
ഇത്തരം മോഷണം നടത്തുന്ന തൊരപ്പന്‍ സന്തോഷും കൂട്ടാളികളും കുറച്ച് ദിവസമായി തളിപ്പറമ്പ് പോലിസ് ഡിവിഷന്‍ സ്റ്റേഷന്‍ പരിധികളില്‍ മോഷണത്തിനായി രംഗത്തിറങ്ങിയത് പോലിസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിനു പിന്നില്‍ അവരാണെന്ന സൂചനയൊന്നും ലഭിച്ചിട്ടില്ല. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയും പയ്യന്നൂര്‍ പെരുമ്പ ബൈപാസില്‍ താമാസക്കാരനുമായ സി.പി സുബൈറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പണമൊന്നും സ്ഥാപനത്തില്‍ സൂക്ഷിക്കാത്തതിനാല്‍ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കാഷ് കൗണ്ടറിലെ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം.സി പ്രമോദ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു.





