Information
HomeNews

പിഴുതെറിയില്ല, മരുന്നിന് വേരോടെ പിഴുതെടുക്കും

27 May 20231 മിനിറ്റ് വായന
പിഴുതെറിയില്ല, മരുന്നിന് വേരോടെ പിഴുതെടുക്കും

പിലാത്തറ : കല്യാശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറേക്കറിൽ കൃഷി തുടങ്ങും. ആദ്യഘട്ടത്തിൽ 25 ഏക്കറിൽ കുറുന്തോട്ടിയാണ് കൃഷി ചെയ്യുന്നത്. കടന്നപ്പള്ളി - –-പാണപ്പുഴ പഞ്ചായത്തിൽ പിലാത്തറ ഹോപ്പിന് സമീപത്ത് നടന്ന ചടങ്ങിൽ എം വിജിൻ എംഎൽഎ കുറുന്തോട്ടി കൃഷിക്ക് വിത്തിട്ടു. ആദ്യ ഘട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ടരയേക്കറിലാണ് വിത്തിടുന്നത്. ചെടി തയ്യാറാക്കിയശേഷം ജൂൺ-, ജൂലൈ മാസത്തിൽ തൈ മാറ്റി നടും.
കടന്നപ്പള്ളി - –-പാണപ്പുഴ, ഏഴോം, കണ്ണപുരം പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടത്തിൽ ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. കടന്നപ്പള്ളി –-പാണപ്പുഴയിൽ 10 ഏക്കറിലും കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ 7.5 ഏക്കർ വീതവും കൃഷി തുടങ്ങും. ഘട്ടംഘട്ടമായി മറ്റ് പഞ്ചായത്തുകളിലേക്ക് കൃഷി വ്യാപിപ്പിക്കും.
16.75 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും. പഞ്ചായത്തടിസ്ഥാനത്തിൽ കർഷക ഗ്രൂപ്പുകൾ രൂപീകരിക്കും. കർഷകർക്ക് വിപണന സഹായം ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപീകരിക്കും.
കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാന്റ് ബോർഡ്, തദ്ദേശ വകുപ്പ്, കർഷകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി. കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിമോൾ പദ്ധതി വിശദീകരിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മോഹനൻ, വത്സല, കെ ഷീജ, ഭാസ്കരൻ, ടി വി സുധാകരൻ എന്നിവർ സംസാരിച്ചു. കല്യാശേരി ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർ ബി സുഷ സ്വാഗതവും കടന്നപ്പള്ളി–- പാണപ്പുഴ കൃഷി ഓഫീസർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.
വിളയാങ്കോട് സെന്റ് മേരീസ് എൽ പി സ്കൂളിൽ കർഷക പരിശീലനത്തിന് തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ ഓപ്പ് സൊസൈറ്റി സെക്രട്ടറി കെ പി പ്രശാന്ത്, കോ ഓഡിനേറ്റർ ഡോ . അഞ്ജലി ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക