Kannur
ചെങ്കല്ല് കയറ്റിയെത്തിയ ലോറികള്‍ കുടുങ്ങി; ചൊവ്വയിലും താണയിലും ഗതാഗത തടസ്സം...
23 Oct 20191 മിനിറ്റ് വായന

ചെങ്കല്ല് കയറ്റിയെത്തിയ ലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് ചൊവ്വയിലും താണയിലും ഗതാഗത തടസ്സം. ചൊവ്വാഴ്ച രാത്രി 7.45-ഓടെയാണ് ചൊവ്വ ധര്‍മസമാജം യു.പി സ്‌കൂളിന് എതിര്‍വശത്തായി ലോറിയുടെ ടയര്‍ ഓടയില്‍ കുടുങ്ങി ഗതാഗത തടസ്സമുണ്ടായത്. കണ്ണൂരില്‍ നിന്ന് ചാല ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. എതിര്‍വശത്തു നിന്ന് കമ്പി കയറ്റിയെത്തിയ ഗുഡ്സ് ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ മുന്‍വശം കമ്പിയില്‍ തട്ടിയപ്പോള്‍ ഡ്രൈവര്‍ വാഹനം ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ലാബ് തകര്‍ന്ന് പിന്‍ചക്രം ഓടയില്‍ പതിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂം ഇടപെട്ട് ക്രെയിന്‍ എത്തിച്ച് ലോറി മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. 7.30-ഓടെയാണ് താണ സിഗ്‌നലില്‍ ചെങ്കല്ല് കയറ്റിയ ലോറി തകരാറു കാരണം റോഡില്‍ നിന്നുപോയത്. സിഗ്നലില്‍ ലോറി അകപ്പെട്ടത് ഏറെനേരം ഗതാഗത തടസ്സത്തിന് കാരണമായി. പോലീസ് മറ്റൊരു ലോറിയെത്തിച്ച് അതിലേക്ക് ചെങ്കല്ല് കയറ്റിയാണ് ലോറി ഇവിടെ നിന്ന് മാറ്റിയത്. രണ്ടിടത്തും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കി....





