Kannur
HomeNews

നാളെ (Jun 5) ലോക പരിസ്ഥിതി ദിനം: ഐക്യരാഷ്ട്ര സഭക്ക് തലശ്ശേരി സ്വദേശിയുടെ ലോഗോ 

4 Jun 20192 മിനിറ്റ് വായന
നാളെ (Jun 5) ലോക പരിസ്ഥിതി ദിനം: ഐക്യരാഷ്ട്ര സഭക്ക് തലശ്ശേരി സ്വദേശിയുടെ ലോഗോ 

കാട് കരിയുമ്പോള്‍, കാട്ടുമരങ്ങള്‍ നാട് നീങ്ങുമ്പോള്‍ നശിച്ചുകൊണ്ടിരിക്കുന്ന പച്ചപ്പിനേയും ആവാസ വ്യവസ്ഥകളെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് നാളെ വീണ്ടും ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വ്യക്തികളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുവാനും വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കാനുമായാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്..

1972ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് ഇതിനു തുടക്കം കുറിച്ചത്. 1973 ജൂണ്‍ 5ന് ആയിരുന്നു ആദ്യത്തെ ലോക പരിസ്ഥിതി ദിനാചരണം. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രചാരണത്തിന് തലശ്ശേരി സ്വദേശിയുടെ ലോഗോ തെരഞ്ഞെടുത്തതിന്റെ നാലാം വര്‍ഷമാണിന്ന്..

 '7 ബില്യണ്‍ സ്വപ്നങ്ങള്‍, ഒരേയൊരു ഭൂമി, കരുതലോടെയുള്ള ഉപയോഗം' ഈ ഒരു സന്ദേശവുമായി 2015ല്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണം അഭിമാനപൂര്‍വ്വം ഇന്നും ഓര്‍ക്കുന്നതായി ലോഗോ ഡിസൈനെര്‍ ഷിബിന്‍ പറഞ്ഞു. 

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ലോഗോയ്ക്ക് വേണ്ടി ഐക്യരാഷ്ട്രസഭ ആദ്യമായി ആഗോളതലത്തില്‍ നടത്തിയ മത്സരത്തില്‍ 70ലേറെ രാജ്യങ്ങളില്‍ നിന്നായി 300ലധികം എന്‍ട്രികള്‍ ലഭിച്ചുവെങ്കിലും തെരെഞ്ഞെടുക്കപ്പെട്ട ലോഗോ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ചിറക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനും ഫോട്ടോഗ്രാഫറുമായ കൂരാറ സ്വദേശി  ഷിബിന്‍ കെ.കെ എന്ന യുവാവിന്റേതാണ്..

 7 ബില്യണ്‍ ജനസംഘ്യയെ പ്രതിനിധീകരിച്ചുകൊണ്ട് 7 എന്ന അക്കത്തോടൊപ്പം മനുഷ്യരാശിയെയും സമന്വയിപ്പിച്ച് ആലേഖനം ചെയ്ത വരമുദ്ര അഥവാ ലോഗോ അതീവലളിതവും അതിലേറെ അര്‍ത്ഥ സമ്പുഷ്ടവുമാണെന്നതു കൊണ്ട് തന്നെയാണ് ലോഗോയ്ക്ക് ലഭിച്ച സ്വീകാര്യത എന്ന് വിശ്വസിക്കുന്നതായി കണ്ണൂര്‍ മെട്രോയുമായി നടത്തിയ അഭിമുഖത്തില്‍ ഷിബിന്‍ വ്യക്തമാക്കി..

ഷിബിന്‍ എന്ന ലോഗോ ഡിസൈനര്‍ക്ക് പാരിതോഷികമായി ഇറ്റലിയിലെ മിലാന്‍ സന്ദര്‍ശിക്കാനും അവിടെ നടന്ന വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാനും യുണൈറ്റഡ് നേഷന്‍സ് എന്‍വയേണ്‍മെന്റ് ടൂര്‍ പ്രോഗ്രാം ഒരുക്കിയിരുന്നു..

ഐക്യരാഷ്ട്ര സംഘടനയിലെ ദുരന്ത നിവാരണത്തിന്റെ തലവനും പ്രമുഖ എഴുത്തുകാരനുമായ മുരളി തുമ്മാരക്കുടിയുടെ പ്രത്യേക ക്ഷണപ്രകാരം ഷിബിന്‍ ജനീവയും സന്ദര്‍ശിക്കുകയുണ്ടായി കേന്ദ്ര ധനകാര്യ വകുപ്പും റിസര്‍വ്വ് ബാങ്കും സംയുക്തമായി നടത്തിയ ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തിന്റെ രൂപകല്‍പ്പന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ 5 പ്രമുഖ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു ഷിബിന്‍ എന്ന തലശ്ശേരിയിലെ അധ്യാപകന്‍..

 അധ്യാപക സമൂഹത്തിന് കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ എന്ന നിലയില്‍ മലയാളമനോരമയുടെ നേതൃത്വത്തില്‍ നടന്ന ലോഗോ മത്സരത്തിലും ഷിബിന്‍ തയ്യാറാക്കിയ വരമുദ്ര തന്നെയാണ്   അര്‍ത്ഥ സമ്പുഷ്ടമായ ഇന്നത്തെ 'ഗുരുമുദ്ര' .കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ക്കും, പരസ്യ ഏജന്‍സികള്‍ക്കും,.

 ചലച്ചിത്ര മേഖലയിലും മറ്റിടങ്ങളിലും ഷിബിന്‍ രൂപകല്‍പ്പന ചെയ്ത വരമുദ്രകള്‍ക്ക് ഇന്ന് ആവശ്യക്കാരേറെ... ആരാധകരേറെ. അലവില്‍ സ്വദേശി പെരളശ്ശേരി എ.കെ.ജി സ്മാരക എച്ച്.എസ്.എസിലെ അധ്യാപിക മായ വേണുഗോപാലാണ് ഭാര്യ..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക