Kannur
പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ സംസ്ഥാനതലത്തിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ ജില്ല ഒന്നാം സ്ഥാനത്ത്.
16 Feb 20191 മിനിറ്റ് വായന

കണ്ണൂർ: കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ സംസ്ഥാനതലത്തിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ ജില്ല ഒന്നാം സ്ഥാനത്ത്. 2016-–-17, 2017-–-18 വർഷങ്ങളിൽ അനുവദിച്ച 690 വീടുകളിൽ 644 വീടുകളും (93.33 ശതമാനം) ജില്ലയിൽ പൂർത്തീകരിച്ചു. കോട്ടയം (91.51 ശതമാനം), പത്തനംതിട്ട (90.90 ശതമാനം) ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ‌്.
കേന്ദ്രാവിഷ്‌കൃതപദ്ധതിയായ പിഎംഎവൈ (ജി) ക്ക് ഇപ്പോൾ 4,00,000 രൂപ അനുവദിക്കുന്നതിൽ 1,20,000 രൂപ കേന്ദ്രവിഹിതവും 2,80,000 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ പദ്ധതിയിൽ വകയിരുത്തി യഥാക്രമം 98,000 രൂപ (35%), 70,000 രൂപ (25%), 1,12,000 രൂപ (40%) നൽകുന്നു. നാലുലക്ഷം രൂപ ഗുണഭോക്താവിന് അനുവദിക്കുന്നത് കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജന പ്രവർത്തനങ്ങളിലൂടെ ഗുണഭോക്താവിന് 90 തൊഴിൽ ദിനങ്ങളും ഉറപ്പ് വരുത്തിയാണ് ജില്ല മികച്ച നേട്ടം പ്രാപ്തമാക്കിയത്. ഭവന നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംയോജിച്ച് സൗജന്യ ഗ്യാസ് കണക‌്ഷൻ, കക്കൂസ്, വൈദ്യുതി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നുണ്ട‌്. സംസ്ഥാനതലത്തിൽ ആദ്യമായാണ് പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ജില്ല പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ല മികച്ച നേട്ടം കൈവരിച്ചതിനു പിന്നാലെയാണിത‌്.





